പ്രമേഹത്തിനു ചെലവ് നാലര ലക്ഷം കോടി രൂപ
Wednesday, February 10, 2016 12:33 AM IST
ന്യൂഡല്‍ഹി: 2010-ല്‍ ഇന്ത്യക്കാര്‍ പ്രമേഹചികിത്സയ്ക്കു ചെലവാക്കിയത് ഒന്നരലക്ഷംകോടി രൂപ. ഈ ചെലവ് പ്രതിവര്‍ഷം 20 മുതല്‍ 30 വരെ ശതമാനം വര്‍ധിക്കുന്നു. ലണ്ടനില്‍നിന്നുള്ള ശാസ്ത്രമാസികയായ ലാന്‍സെറ്റ് കണ്െടത്തിയതാണ്.

ഈ നിഗമനമനുസരിച്ച് ഈവര്‍ഷം ഇന്ത്യക്കാര്‍ പ്രമേഹത്തിനായി ചെലവാക്കേണ്ടിവരുന്നത് നാലരലക്ഷംകോടി രൂപ. 20 ശതമാനം നിരക്കില്‍ ചികിത്സാച്ചെലവ് വര്‍ധിക്കുന്നുവെന്ന് കണക്കാക്കിയാല്‍ ലഭിക്കുന്ന തുകയാണിത്. കേരളത്തിലെ വാര്‍ഷികബജറ്റിന്റെ നാലുമടങ്ങ് വരുന്ന തുക. ഇന്ത്യ ഒരുവര്‍ഷം കസ്റംസ് തീരുവയായും എക്സൈസ് തീരുവയായും പിരിക്കുന്ന തുകയുടെ അത്രവരും ഇത്. ആളോഹരി 3500 രൂപ പ്രതിവര്‍ഷം ചെലവാക്കണം - രോഗികളും അല്ലാത്തവരുമായ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഈ ചെലവ് വീതിച്ചുനല്‍കിയാല്‍.

ഇന്ത്യ ലോകത്തിന്റെ പ്രമേഹതലസ്ഥാനമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2013-ല്‍ ആറുകോടി പ്രമേഹരോഗികളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 1990-നും 2013-നുമിടയില്‍ ലോകത്ത് പ്രമേഹരോഗികളുടെ സംഖ്യ 45 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ 123 ശതമാനം വര്‍ധിച്ചു. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ചൂണ്ടിക്കാട്ടിയതാണിത്.


പ്രമേഹചികിത്സാച്ചെലവ് കൂടുന്നതിന്റെ ഒരു ഘടകം ഡോക്ടര്‍മാര്‍ വിവേചനാരഹിതമായി ഇന്‍സുലിന്‍ നിര്‍ദേശിക്കുന്നതാണെന്നു ലാന്‍സെറ്റ് പറയുന്നു. ഇന്‍സുലിന്‍ നിര്‍മാതാക്കളാകട്ടെ വില മിതപ്പെടുത്താനും തയാറായിട്ടില്ല.

മുന്‍പുണ്ടായിരുന്നതില്‍നിന്നു വളരെ വിലകൂടിയ പുതിയതരം ഇന്‍സുലിനുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഗുണപരമായി വലിയ നേട്ടമുള്ളതായി പറയാനാവില്ലെന്നു ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ.അനൂപ് മിശ്ര പറഞ്ഞു. ആഗോള ഇന്‍സുലിന്‍ വിപണിയുടെ 99 ശതമാനവും മൂന്നു രാഷ്ട്രാന്തര കമ്പനികളാണ് നിയന്ത്രിക്കുന്നതെന്ന് ലാന്‍സെറ്റ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.