ഭരണഘടനയുടെ വിശുദ്ധി സൂക്ഷിക്കാന്‍ ബാധ്യതയുണ്െടന്നു രാഷ്ട്രപതി
ഭരണഘടനയുടെ വിശുദ്ധി സൂക്ഷിക്കാന്‍ ബാധ്യതയുണ്െടന്നു രാഷ്ട്രപതി
Wednesday, February 10, 2016 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഭരണഘടനയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ ബാധ്യസ്ഥരാണെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം രാജ്യം കൂടുതല്‍ കരുത്താര്‍ജിച്ചത് ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രമാണങ്ങളില്‍ മുറുകെപ്പിടിച്ചതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ഗവര്‍ണര്‍മാരുടെ 47-ാം സമ്മേളനം ഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രണാബ് മുഖര്‍ജി.

2015 ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാ വ്യതിയാനം, ആന്തരികവും ബാഹ്യവുമായ സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയവയൊക്കെ രാജ്യം നേരിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിയുള്ള സംസ്ഥാനങ്ങള്‍ ബാഹ്യസഹായത്തോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലം ബുദ്ധിമുട്ടുകള്‍ സഹിച്ചു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പംതന്നെ എല്ലാ അന്താരാഷ്ട്ര വിഷയങ്ങള്‍ക്കും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്െടത്തണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.


രണ്ടു തവണത്തെ തുടര്‍ച്ചയായ കാലവര്‍ഷ പിഴവിനെത്തുടര്‍ന്ന് ഇന്ത്യ വരള്‍ച്ചയുടെ ദുരന്തഫലങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരു വേനല്‍ക്കാലം കാര്‍ഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കൃഷിക്കാരുടെ ദുരിതങ്ങള്‍ക്കു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു.

2015 ലോകത്തു രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് നയരൂപീകരണത്തില്‍ മുഖ്യസ്ഥാനം കൈവന്നതായി രാഷ്ട്രപതി വ്യക്തമാക്കി.

ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. 23 സംസ്ഥാന ഗവര്‍ണര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.