ഹനുമന്തപ്പയുടെ നില വഷളായി
ഹനുമന്തപ്പയുടെ നില വഷളായി
Thursday, February 11, 2016 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കേ സിയാച്ചിനിലെ മരണക്കുഴിയില്‍നിന്നു വീണ്െടടുത്ത ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൈനികന്റെ ആരോഗ്യനില കഴിഞ്ഞ ദിവസത്തെക്കാള്‍ വഷളായതായി ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്നലെ ആശുപത്രിയിലെത്തി ഹനുമന്തപ്പയുടെ ചികിത്സാ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നെത്തിയ ഹനുമന്തപ്പയുടെ കുടുംബവും ആശുപത്രിയിലുണ്ട്. ഇന്നലെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരും സൈനികനെ പരിശോധിച്ചിരുന്നു.

കോമ അവസ്ഥയിലായ ഹനുമന്തപ്പയുടെ ജീവന്‍ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. പ്രതീക്ഷിക്കാവുന്ന പുരോഗതി ഉണ്ടായിട്ടില്ലെന്നാണു ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയത്. ഇരുവൃക്കകളും കരളും തകരാറിലാണ്. ന്യുമോണിയയും ബാധിച്ചിട്ടുണ്ട്. രക്തസമ്മര്‍ദം താഴ്ന്ന നിലയില്‍ തുടരുന്നു. കൊടും തണുപ്പില്‍ ആറു ദിവസം മരവിച്ചു കിടന്നതിനാല്‍ ആന്തരിക അവയവങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതമാണ്. അതിനിടെ, സൈനികന്റെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കരളും വൃക്കയും ദാനം ചെയ്യാന്‍ തയാറായി വരെ ആളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സ്വദേശിയായ വീട്ടമ്മ നിധി പാണ്ഡേയാണു ആദ്യം അവയദാനത്തിനുള്ള സന്നദ്ധത ആശുപത്രിയില്‍ വിളിച്ചറിയിച്ചത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രാര്‍ഥനകള്‍ പ്രവഹിക്കുകയാണ്.


മൂന്നിനാണു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ നിയന്ത്രണ രേഖയോടു ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള സൈനിക ടെന്റിനു മുകളില്‍ ഒരു കിലോമീറ്റര്‍ നീളമുള്ള മഞ്ഞുമല ഇടിഞ്ഞുവീണത്. ഉയരത്തില്‍നിന്നും വലിയ മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പെട്ട കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് ഉള്‍പ്പെടെ പത്തു സൈനികരും മരിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ആറു ദിവസത്തിനു ശേഷവും നടത്തിയ തെരച്ചിലിലാണു ഹൃദയത്തുടിപ്പുകളോടെ മൈനസ് 45 ഡിഗ്രി തണുപ്പില്‍ ഹനുമന്തപ്പയെ കണ്െടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.