ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യനീക്കം; സിപിഎം വെട്ടില്‍
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യനീക്കം; സിപിഎം വെട്ടില്‍
Thursday, February 11, 2016 12:42 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ മുറുകിനില്‍ക്കെ സിപിഎമ്മിന്റെ നിര്‍ണായകമായ സംസ്ഥാന സമിതി യോഗം നാളെ ചേരും. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു പശ്ചിമ ബംഗാള്‍ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിനോടു കൂട്ടുചേരണോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ ധാരണയാകും. എന്നാല്‍, ഫെബ്രുവരി 17,18 തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മാത്രമേ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

സിപിഎം ബംഗാള്‍ ഘടകത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തര്‍ക്കമുണ്ട്. നിരവധി സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. വിയോജിപ്പുള്ള നേതാക്കളെ വിളിച്ചുചേര്‍ത്തു സിപിഎം ബംഗാള്‍ ഘടകം സെക്രട്ടറി സൂര്യകാന്ത് മിശ്രയും മുതിര്‍ന്ന നേതാവ് ബിമന്‍ ബസുവും അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളില്‍നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ കോണ്‍ഗ്രസുമായി സംസ്ഥാനത്തു പാര്‍ട്ടി കൈകോര്‍ക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങി കേന്ദ്ര നേതൃത്വത്തിലെ പ്രമുഖര്‍ ഇതിനെ എതിര്‍ക്കുന്നുമുണ്ട്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരു സഖ്യത്തിനുമില്ലെന്ന രാഷ്ട്രീയ ലൈനിന് എതിരാണു ബംഗാള്‍ ഘടകത്തിന്റെ നീക്കമെന്നാണു കാരാട്ടിന്റെ പക്ഷം വാദിക്കുന്നത്. കേരളത്തില്‍നിന്നുള്ള നേതാക്കളും ഈ വാദത്തെ അനുകൂലിക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് സഖ്യമാകാമെന്ന ബംഗാള്‍ ഘടകത്തിന്റെ ആഗ്രഹത്തിനൊപ്പം ഉറച്ചു നില്‍ക്കുകയാണ്. സംസ്ഥാനങ്ങളില്‍ വിജയസാധ്യതയുള്ള സഖ്യങ്ങളുണ്ടാക്കാമെന്ന അടവുനയത്തിന്റെ വിടവിലൂടെ കോണ്‍ഗ്രസുമായി കൈ കോര്‍ക്കാമെന്നാണ് സഖ്യത്തെ അനുകൂലിക്കുന്നവരുടെ വാദം. ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി കൈകോര്‍ത്താല്‍ കേരളത്തില്‍ പ്രതിരോധത്തിലാകും.


ബദ്ധവൈരം മറന്നു ബംഗാളില്‍ സിപിഎമ്മുമായി സഹകരിച്ചു മമതാ ബാനര്‍ജിയെ തറപറ്റിക്കാമെന്നു ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവും കണക്കു കൂട്ടുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതു സംബന്ധിച്ചു നിലപാടു വ്യക്തമാക്കിയിട്ടില്ല. സിപിഎം ഒഴിച്ചുള്ള ഇടതു കക്ഷികള്‍ക്കും കോണ്‍ഗ്രസ് സഖ്യത്തോടു വിയോജിപ്പാണുള്ളത്.

എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും പരിശോധനകളും നടത്തുമെന്നാണു ബംഗാളില്‍നിന്നുള്ള സിപിഎം പോളിറ്റ്ബ്യൂറോ അംഗവും എംപിയുമായ മുഹമ്മദ് സലിം വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.