ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഇടതുമുന്നണി പിന്തുണ
Friday, February 12, 2016 11:37 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നഷ്ടപ്രതാപം വീണ്െടടുക്കാനും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാനും കോണ്‍ഗ്രസുമായി കൈ കോര്‍ക്കാനുള്ള സിപിഎം നീക്കത്തിന് ഇടതുമുന്നണിയുടെ പിന്തുണ. തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ പോരാടാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്നു സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് വ്യക്തമാക്കി. പതിനൊന്നു പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഇടതുമുന്നണി ഇതിനെ പിന്തുണച്ചു. ആദ്യം കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ത്തിയശേഷമാണ് ഇടതുമുന്നണിയിലെ സിപിഐ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ സഖ്യനീക്കത്തിന് അനുകൂല നിലപാടെടുത്തത്. എന്നാല്‍, സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കില്ലെന്നാണു സൂചന.

സിപിഎം ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണു പുതിയ നിലപാടു രൂപപ്പെട്ടത്. കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ഏകസ്വരത്തിലാണു തീരുമാനിച്ചത്. അതേസമയം, ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ലാത്ത സിപിഎം സംസ്ഥാന സമിതിയില്‍ 20ലധികം നേതാക്കള്‍ സഖ്യത്തിന് എതിരാണ്. സംസ്ഥാന സമിതിയില്‍ എതിരഭിപ്രായത്തിനു പിന്തുണ കിട്ടാതിരിക്കാന്‍കൂടിയാണു വ്യാഴാഴ്ച ഇടതുമുന്നണി വിളിച്ച് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അംഗീകാരത്തോടെ മാത്രമേ ബംഗാള്‍ ഘടകത്തിനു കോണ്‍ഗ്രസുമായി ധാരണ നടപ്പാക്കാനാകൂ. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്നവര്‍ക്കാണു ഭൂരിപക്ഷം. അതുകൊണ്ടു തന്നെ ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് സഖ്യത്തിനുള്ള അനുമതി നേടിയെടുക്കാന്‍ ബംഗാള്‍ ഘടകം പരിശ്രമിക്കുമ്പോള്‍ സിപിഎം കടുത്ത പ്രതിരോധം നേരിടുകയാണ്.


കോണ്‍ഗ്രസ് സഖ്യത്തിനു തയാറാണെങ്കില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ഇടതു മുന്നണി അറിയിച്ചതായാണു ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞത്. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, ചര്‍ച്ചയ്ക്കു കോണ്‍ഗ്രസ് ഇടതു കേന്ദ്രത്തിലേക്കു വരണം. കോണ്‍ഗ്രസ് മുന്‍കൈയെടുത്തു വന്നില്ലെങ്കില്‍ അങ്ങോട്ടു ചര്‍ച്ചയ്ക്കു തയാറാകുമോ എന്ന ചോദ്യത്തോടു ബിമന്‍ ബോസ് പ്രതികരിച്ചില്ല. സിപിഎം, സിപിഐ, ആര്‍എസ്പി, എഐഎഫ്ബി തുടങ്ങിയ പാര്‍ട്ടികള്‍ക്കു പുറമേ മുന്നണിയിലെ മറ്റു ചെറു കക്ഷികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.

17, 18 തീയതികളില്‍ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയായിരിക്കും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇന്നു നടക്കുന്ന സംസ്ഥാന സമിതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും പങ്കെടുക്കും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളില്‍ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങളും കോണ്‍ഗ്രസുമായി സംസ്ഥാനത്തു പാര്‍ട്ടി കൈകോര്‍ക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്െടങ്കിലും പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങി കേന്ദ്ര നേതൃത്വത്തിലെ പ്രമുഖര്‍ ഇതിനെ എതിര്‍ക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.