ധീരജവാന്‍ ഹനുമന്തപ്പയ്ക്കു കണ്ണീരോടെ വിട
ധീരജവാന്‍ ഹനുമന്തപ്പയ്ക്കു കണ്ണീരോടെ വിട
Saturday, February 13, 2016 12:37 AM IST
ബെട്ടാദുര്‍: സിയാച്ചിന്‍ മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് ആറു ദിവസത്തിനുശേഷം ജീവനോടെ കണ്െടത്തി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അന്തിമോപചാരം അര്‍പ്പിക്കാനായി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നായി ആയിരക്കണക്കിനാളുകള്‍ എത്തി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്നെത്തിച്ച മൃതദേഹം ഇന്നലെ വിലാപയാത്രയായി സ്വദേശമായ ബെട്ടാദുറില്‍ കൊണ്ടുവന്നു. ഹൂബള്ളി നെഹ്റു മൈതാനത്തു പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ പൂക്കള്‍വച്ച് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീടു വാഹവ്യൂഹത്തിന്റെ അകമ്പടിയോടെ സ്വന്തംഗ്രാമത്തില്‍ എത്തിച്ചു. തുടര്‍ന്ന് സ്കൂള്‍ ഗ്രൌണ്ടില്‍ പൊതുദര്‍ശനത്തിനു സൌകര്യം ഒരുക്കി. മതാചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കുശേഷം മറാത്ത റെജിമെന്റിലേക്കു കൊണ്ടുപോയി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.

ഫെബ്രുവരി മൂന്നിനാണു ഹനുമന്തപ്പയുള്‍പ്പെടെ പത്തു സൈനികര്‍ സിയാച്ചിന്‍ സൈനിക പോസ്റില്‍ മഞ്ഞുപാളികള്‍ക്കിടയില്‍പ്പെട്ടത്. തുടര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ ആറു ദിവസത്തിനു ശേഷമാണു ഹനുമന്തപ്പയെ 30 അടി താഴ്ചയിലുള്ളമഞ്ഞുപാളികള്‍ക്കിടയില്‍ കണ്െടത്തിയത്. തുടര്‍ന്നു ഡല്‍ഹിയിലെ ആര്‍മി ആര്‍ആര്‍ ആശുപത്രിയിലെ തീവ്രപരിചരണ യൂണിറ്റിലേക്കു മാറ്റിയെങ്കിലും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.


ഡല്‍ഹിയില്‍നിന്നു കഴിഞ്ഞ ദിവസം അര്‍ധരാത്രി ഹൂബള്ളി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം എച്ച്. കെ പാട്ടീല്‍, വിനായക കുല്‍ക്കര്‍ണി എന്നീ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഏറ്റുവാങ്ങി. തുടര്‍ന്നു മുഖ്യമന്ത്രി ബേട്ടാദുരിലെ വസതിയിലെത്തി ഹനുമന്തപ്പയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ഹനുമന്തപ്പയുടെ സംസ്കാരച്ചടങ്ങില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍, കര്‍ണാടക പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റും ലോക്സഭാംഗവുമായ പ്രഹ്ളാദ് ജോഷി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.