അഫ്സല്‍ ഗുരു അനുസ്മരണം: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് അറസ്റില്‍
അഫ്സല്‍ ഗുരു അനുസ്മരണം: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് അറസ്റില്‍
Saturday, February 13, 2016 12:43 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ രാജ്യദ്യോഹക്കുറ്റം ചുമത്തി അറസ്റ് ചെയ്തു. പാര്‍ലമെന്റ്് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിനാണ് എഐഎസ്എഫ് നേതാവും യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ അറസ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 124എ, 120ബി എന്നിവയനുസരിച്ചു രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കനയ്യയെ അറസ്റ് ചെയ്തിരിക്കുന്നത്. ആദ്യം മഫ്തിയിലെത്തിയ രണ്ടു പോലീസുകാര്‍ കാമ്പസിലെത്തി കനയ്യയെ ചോദ്യം ചെയ്യാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയശേഷം വസന്ത്കുഞ്ച് പോലീസ് സ്റേഷനില്‍ പിന്നീട് അറസ്റു ചെയ്തതായി വ്യക്തമാക്കുകയായിരുന്നു. മറ്റു നിരവധി വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇതിനുപുറമേ, സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

കോടതിയില്‍ ഹാജരാക്കിയ കനയ്യയെ അഞ്ചു ദിവസം കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അഫ്സല്‍ ഗുരു അനുസ്മരണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും എബിവിപിയെ തോല്‍പിച്ചതിനുള്ള പ്രതികാരമാണിതെന്നും കനയ്യ പറയുന്നു.

അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങിനു വിദ്യാര്‍ഥി യൂണിയനുമായി ബന്ധമില്ലെന്നാണു സംഘപരിവാര്‍ അനുബന്ധ വിദ്യാര്‍ഥി സംഘടന എബിവിപി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ കാമ്പസുകളില്‍ ഭയാശങ്കകള്‍ വളര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണിതിനു പിന്നിലെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. അഫ്സല്‍ ഗുരുവിന്റെ ചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പോസ്റ് ഓഫീസ് ഇല്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ആരോപണം.

ജെഎന്‍യുവിലെ ഡെമോക്രാറ്റിക് സ്റുഡന്റ്സ് യൂണിയന്റെ മുന്‍ പ്രവര്‍ത്തകരായിരുന്നു കഴിഞ്ഞ ഒമ്പതാം തീയതി അഫ്സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചത്. പരിപാടിയെ എബിവിപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാല കാമ്പസില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പരിപാടിക്കിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ബിജെപി എംപി മഹേഷ് ഗിരിയും എബിവിപി പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കനയ്യ കുമാറിനെ അറസ്റ് ചെയ്തത്.


കനയ്യയുടെ അറസ്റ് രാജ്യദ്രോഹക്കുറ്റത്തിന് തന്നെയെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ഇന്നലെ ബിജെപി സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകള്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തോടു പ്രതികരിച്ചത്. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുകയോ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വെറുതെ വിടില്ല. കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പു നല്‍കി.

ഭാരതമാതാവിനെ അപമാനിക്കാനുള്ള ശ്രമങ്ങളെ സഹിക്കാനാവില്ലെന്നായിരുന്നു വിദ്യാഭ്യാസത്തിന്റെ കൂടി ചുമതലയുള്ള കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. അടിയന്തരാവസ്ഥയുടെ കാലത്തുമാത്രമാണ് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജെഎന്‍യുവില്‍ ഇപ്പോള്‍ പോലീസ് കയറുന്നതും ഹോസ്റലില്‍ നിന്നു വിദ്യാര്‍ഥികളെ അറസ്റ് ചെയ്യുന്നതും ഉള്‍പ്പടെ നടക്കുന്ന സംഭവങ്ങള്‍ ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇതു വീണ്ടും അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു.

കാമ്പസിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാതെ ഇടതുപക്ഷ വിദ്യാര്‍ഥികളെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ നോക്കി നില്‍ക്കില്ലെന്ന് സിപിഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.