ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു
ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു
Saturday, February 13, 2016 12:45 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ആത്മീയത പുരുഷനു മാത്രമായാണോ നിഷ്കര്‍ഷിച്ചിട്ടുള്ളതെന്നു സുപ്രീം കോടതി. ദൈവത്തിനു ആണ്‍- പെണ്‍ വ്യത്യാസമില്ല. വേദങ്ങളും ഉപനിഷത്തുകളും വിശുദ്ധ ഗ്രന്ഥങ്ങളുമെല്ലാം ഇത്തരം വിവേചനങ്ങളില്ലാതാക്കിയിരുന്നെന്നും ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും വിമര്‍ശിച്ചു കൊണ്ടു ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സ്ത്രീകള്‍ക്കു വിവേചനം നേരിടുന്നുണ്േടാ എന്ന വിഷയത്തില്‍ നിയമവും ഭരണഘടനയും ആത്മീയതയും ആചാരങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി രണ്ടു മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരേ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ആത്മീയത പുരുഷനു മാത്രം ആധിപത്യമുള്ളതാണോയെന്നു ചോദിച്ച കോടതി, പുരുഷാധിപത്യമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നട ത്താനും സ്ത്രീകള്‍ അശക്തരാണെന്ന് ഇനിയും നിങ്ങള്‍ പറയുമോയെന്നും ആരാഞ്ഞു. സ്ത്രീകള്‍ക്കു ഭ്രഷ്ട് കല്പിച്ചുള്ള ആചാരമാണു പാരമ്പര്യമായി തുടരുന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ വിശദീകരണത്തിനു നിങ്ങള്‍ക്ക് അമ്മയെ ഭ്രഷ്ടാക്കാനാകുമോയെന്നായിരുന്നു ജസ്റീസ് ദീപക് മിശ്രയുടെ മറുചോദ്യം.

ശബരിമലയിലെ സ്വാമി അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണെന്നും സ്ത്രീസാന്നിധ്യം നിഷിദ്ധമാണെന്നുമുള്ള വാദങ്ങളും കോടതി അംഗീകരിച്ചില്ല. ബ്രഹ്മചര്യമെന്നതു പുരുഷനു മാത്രമുള്ള അവകാശമല്ലെന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി പൊതുവായ എല്ലാ മതസ്ഥാപനങ്ങളുടെയും വാതിലുകള്‍ തുറന്നിടാന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ പറയുന്നുണ്െടന്നു കോടതി ചൂണ്ടിക്കാട്ടി.


ആരാധനയും മതവുമായി വ്യത്യാസങ്ങളുണ്ട്. ക്ഷേത്രമെന്നതു പൊതുവായ വിശ്വാസ കേന്ദ്രമാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റീസ് മിശ്ര, അതിലെ നടപടികളും രീതികളും ഭരണഘടനയുടെ പരിധിയിലുള്ളതായിരിക്കണമെന്നും നിരീക്ഷിച്ചു.

സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന മുന്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റിയതിനെയും കോടതി ചോദ്യം ചെയ്തു. ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണിതെന്നും അതിനെതിരായ നീക്കം പല അസ്വാസ്ഥ്യങ്ങള്‍ക്കും ഇടയാക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാണു ഹൈക്കോടതി ഉത്തരവിട്ടതെന്നു കെ.കെ. വേണുഗോപാലും വാദിച്ചു.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതു വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ആരോപിച്ചു യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ. രാമമൂര്‍ത്തി എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. വിഷയത്തിലെ നിയമ, ഭരണഘടന പ്രശ്നങ്ങള്‍ക്കൊപ്പം മതപരവും ആത്മീയവുമായ പ്രശ്നങ്ങളെ കുറിച്ചും ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതില്‍ ആയിരം വര്‍ഷമായി തുടരുന്ന ആചാര, പാരമ്പര്യ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആറാഴ്ച സമയവും കോടതി അനുവദിച്ചു. കേസ് വീണ്ടും ഏപ്രില്‍ 11നു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.