തമിഴ്നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം
തമിഴ്നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം
Sunday, February 14, 2016 12:10 AM IST
ചെന്നൈ: മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തമിഴ്നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം. ശ്രീലങ്കന്‍ തമിഴരോടുള്ള ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് 2013ല്‍ ഡിഎംകെ അവസാനിപ്പിച്ച ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു വീണ്ടും പൊടിതട്ടിയെടുക്കുന്നത്.

ഇന്നലെ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സഖ്യം സംബന്ധിച്ച് ഔപചാരിക പ്രഖ്യാപനമുണ്ടായത്. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഡിഎംകെ അധ്യക്ഷനെ പുകഴ്ത്താനും ഗുലാം നബി ആസാദ് മടികാട്ടിയില്ല. ആശ്രയിക്കാവുന്ന ഏറ്റവും മികച്ച പാര്‍ട്ടിയാണ് ഡിഎംകെയെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനം, മന്ത്രിസഭാ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളൊന്നും ഇപ്പോള്‍ പ്രസക്തമല്ല. ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുകയെന്നതുമാത്രമാണ് ലക്ഷ്യം. ഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഗുലാം നബി പറഞ്ഞു.

ശ്രീലങ്കന്‍ തമിഴരെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് 2013ല്‍ സഖ്യം പിരിഞ്ഞത്. എന്നാല്‍, സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ, കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി എന്നിവരുടെ അറസ്റാണ് വേര്‍പിരിയലിലേക്കു നയിച്ചത്.


തുടര്‍ന്നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കു ജനവിധി തേടിയെങ്കിലും ജയലളിതയുടെ നേതൃത്വത്തിലുള്ള എഡിഎംകെ സീറ്റുകള്‍ തൂത്തുവാരുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ ലങ്കന്‍ തമിഴരുടെ പ്രശ്നത്തെക്കുറിച്ചു പ്രതികരിക്കാന്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തയാറായിട്ടില്ല. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ അന്നത്തെയും ഇന്നത്തെയും സാഹചര്യത്തില്‍ എന്തു വ്യത്യാസമാണ് ഉണ്ടായതെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ സമ്മര്‍ദങ്ങളുണ്ടാകുമെന്നായിരുന്നു ഗുലാം നബി ആസാദിന്റെ മറുപടി. ഗുലാം നബി ആസാദിനൊപ്പം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇവികെഎസ് ഇളങ്കോവനും ഉണ്ടായിരുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പിഎംകെയെയും വിസികെയും ഉള്‍പ്പെടെ വിശാലസഖ്യത്തിനാണ് ഡിഎംകെ ശ്രമിക്കുന്നത്.

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ പുതുച്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.നാരായണ സ്വാമി സ്വാഗതംചെയ്തു. തമിഴ്നാട്ടിലെ സഖ്യം പുതുച്ചേരിയിലും പ്രാബല്യത്തില്‍ വരുമെന്നു നാരായണസ്വാമി പറഞ്ഞു. സഖ്യം ഇരുപാര്‍ട്ടികള്‍ക്കും ഒരു പോലെ ഗുണം ചെയ്യുമെന്നും നാരായണസ്വാമി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.