ബദൽ മ്യൂസിയത്തിന് 225 കോടി രൂപ
Tuesday, April 26, 2016 12:30 PM IST
ന്യൂഡൽഹി: നാഷണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിക്കു പുതിയ ആസ്‌ഥാനനിർമാണത്തിന്റെ ആലോചനകൾ പുരോഗമിക്കുമ്പോഴാണു തീപിടിത്തത്തിൽ മ്യൂസിയം നശിച്ചത്. പ്രഗതി മൈതാനു സമീപം പുരാണ കിലയിൽ ഇതിനായി ആറര ഏക്കർ ഭൂമി പരിസ്‌ഥിതി മന്ത്രാലയത്തിനു കൈമാറിയിരുന്നു. 225 കോടി രൂപ ചെലവിൽ മന്ദിരം നിർമിക്കാനായിരുന്നു ആലോചന. ഇപ്പോൾ കോണാട്ട്പ്ലേസിനടുത്തു ഫിക്കി കോംപ്ലക്സിലാണു മ്യൂസിയം പ്രവർത്തിച്ചിരുന്നത്.

പുതിയ മ്യൂസിയത്തിന്റെ വിശദമായ റിപ്പോർട്ട് തയാറാക്കാനുള്ള കൺസൾട്ടൻസിയെ തെരഞ്ഞെടുക്കാനിരിക്കെയാണു ദുരന്തം.

സ്വാതന്ത്ര്യ രജതജൂബിലിയോടനുബന്ധിച്ചാണു 1972–ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ മ്യൂസിയത്തിന് അനുമതി നല്കിയത്. 1978–ൽ ഇന്ദിരാഗാന്ധി അധികാരത്തിനു വെളിയിലായിരുന്നപ്പോഴാണു മ്യൂസിയം ഉദ്ഘാടനം ചെയ്തത്. മൂന്നു പ്രധാന ഗാലറികൾ ഇതിൽ ഉണ്ടായിരുന്നു.


ഒന്നാമത്തേത് ജീവന്റെ ഉദയവും പരിണാമവും ജൈവവൈവിധ്യവും വിശദീകരിക്കുന്നു. രണ്ടാമത്തെ ഗാലറിയിൽ വിവിധ ആവാസവ്യവസ്‌ഥകൾ വിശദമാക്കുകയും മനുഷ്യനും മറ്റു ജീവിവർഗങ്ങളുമായുള്ള ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു. മൂന്നാമത്തേതു പ്രകൃതിസംരക്ഷണരീതികൾ വിശദീക രിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.