ഉത്തരാഖണ്ഡ്: രാജ്യസഭ വീണ്ടും സ്തംഭിച്ചു
ഉത്തരാഖണ്ഡ്: രാജ്യസഭ വീണ്ടും സ്തംഭിച്ചു
Tuesday, April 26, 2016 12:44 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണത്തിൽ ഉടക്കി പ്രതിപക്ഷം ഇന്നലെയും രാജ്യസഭ സ്തംഭിപ്പിച്ചു. സർക്കാരിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ നടുത്തളത്തിലിറങ്ങി പലതവണ സഭ നടപടികൾ തടസപ്പെടുത്തി. സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ ബഹളം. വിഷയം സഭയിൽ ചർച്ച ചെയ്യാനാവില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്‌തമാക്കിയതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. രാഷ്ട്രപതിഭരണം സംബന്ധിച്ച വിജ്‌ഞാപനം സഭയുടെ മുന്നിലെത്തിയിട്ടു ചർച്ച മതിയെന്നാണ് ജയ്റ്റ്ലി പറഞ്ഞത്. അതിനു മുൻപായി ചർച്ച ചെയ്യാനാകില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനെ പൂർണമായും ന്യായീകരിച്ചുകൊണ്ടായിരുന്നു ജയ്റ്റ്ലിയുടെ വാക്കുകൾ. ഭൂരിപക്ഷത്തെ ന്യൂനപക്ഷമായും തിരിച്ചും അട്ടിമറിക്കുന്ന സംസ്‌ഥാന സ്പീക്കറുടെ നടപടി ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കൽപോലും ഉണ്ടായിട്ടില്ലെന്നാണു ജയ്റ്റ്ലി പറഞ്ഞത്. ഉത്തരാഖണ്ഡിൽ ഭരണഘടന സംവിധാനം പൂർണമായും തകർന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഉത്തരാഖണ്ഡ് സ്പീക്കറെ സംബന്ധിച്ച പരാമർശങ്ങൾ സഭാ രേഖകളിൽനിന്നു പിൻവലിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ജയ്റ്റ്ലിയുടെ വാക്കുകളെന്നു കോൺഗ്രസ് ആരോപിച്ചു. ജയ്റ്റ്ലിയെ ഏറെ ബഹുമാനിക്കുന്നുവെന്നും സ്പീക്കറുടെ പദവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ പറയരുതെന്നും ഗുലാം നബി ആസാദ് വ്യക്‌തമാക്കി.

സഭാ നടപടികൾ നിർത്തിവച്ച് ഉത്തരാഖണ്ഡ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമയും പ്രമോദ് തിവാരിയും നോട്ടീസ് നൽകിയിരുന്നു. സമാജ്വാദി എംപി നരേഷ് അഗർവാളും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു രാജ്യസഭയിൽ നോട്ടീസ് നൽകി. ബിഎസ്പി നേതാവ് മായാവതിയും ഇതിനെ പിന്തുണച്ചു. വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിൽ അനുകൂല നിലപാടാണെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ വ്യക്‌തമാക്കി. സഭാനടപടികൾ സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തുടർന്നും പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കിയതോടെ സഭ ഉച്ചവരെ പിരിഞ്ഞു.


ഉച്ചയ്ക്കു ശേഷം രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും അരുൺ ജയ്റ്റ്ലി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ വീണ്ടും പിരിഞ്ഞു.

അതിനിടെ, ഉത്തരാഖണ്ഡ് വിഷയത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനങ്ങളുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുക വഴി മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയായിരുന്നെന്ന കോൺഗ്രസിന്റെ പരാമർശത്തോട് കശാപ്പുകാർക്ക് എങ്ങനെ ഉപദേശകരാകാൻ സാധിക്കുമെന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. കേരളത്തിലെ പ്രഥമ ഇഎംഎസ് മന്ത്രിസഭ ഉൾപ്പെടെ നൂറിലധികം കോൺഗ്രസ് ഇതര സർക്കാരുകളെ പുറത്താക്കിയിട്ടുള്ള കോൺഗ്രസ് ഇപ്പോൾ ബിജെപിയെ വിമർശിക്കുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മുൻകാല കോൺഗ്രസ്, ഐക്യമുന്നണി സർക്കാരുകൾ വിവിധ സംസ്‌ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാണ് കേന്ദ്രനീക്കം. 1951നു ശേഷം രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ 111 പ്രാവശ്യം രാഷ്ട്രപതിഭരണംഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 91 പ്രാവശ്യവും കോൺഗ്രസ് ഭരണത്തിലായിരുന്നു. 16 വർഷം നീണ്ട ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് 45 തവണയും പത്തു വർഷം നീണ്ട മൻമോഹൻ സിംഗ് സർക്കാരിന്റെ കാലയളവിൽ പത്തു തവണയും രാഷ്ട്രപതിഭരണം അടിച്ചേൽപ്പിച്ചിട്ടുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.