ദേശീയ പ്രകൃതിചരിത്ര മ്യൂസിയം കത്തിനശിച്ചു
ദേശീയ പ്രകൃതിചരിത്ര മ്യൂസിയം കത്തിനശിച്ചു
Tuesday, April 26, 2016 12:44 PM IST
ന്യൂഡൽഹി: ദേശീയ പ്രകൃതി ചരിത്ര മ്യൂസിയത്തിലുണ്ടായ വൻഅഗ്നിബാധയിൽ ആയിരക്കണക്കിന് അപൂർവ സസ്യ–ജന്തുജാലങ്ങൾ കത്തിനശിച്ചു. അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട രണ്ടുപേരെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച പുലർച്ചെ 1:45നാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. നാല്പതോളം അഗ്നിശമന യൂണിറ്റുകൾ നാലുമണിക്കൂറിലേറെ അക്ഷീണം പ്രയത്നിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്.

16 കോടി വർഷം പഴക്കമുള്ള ദിനോസർ ഫോസിലുകളും കത്തിനശിച്ചവയിൽ ഉൾപ്പെടുത്തുന്നു. ഇതിനുപുറമേ ചിത്രശലഭങ്ങൾ, തവള, പാമ്പ്, പല്ലി, കടുവ തുടങ്ങിയവയുടെ സ്പെസിമനുകളുടെ വൻശേഖരവും നശിച്ചതായി അധികൃതർ അറിയിച്ചു.

മണ്ഡിഹൗസിൽ ഫിക്കിയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി) ഓഡിറ്റോറിയത്തിലാണു മ്യൂസിയം പ്രവർത്തിക്കുന്നത്. ഓഡിറ്റോറിയത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് അഗ്നിബാധ താഴത്തെ നിലയിലേക്ക് അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ലെന്നും ന്യൂഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അഗ്നിബാധ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ മ്യൂസിയത്തിൽ പ്രവർത്തനക്ഷമമായിരുന്നില്ലെന്നു ഡെപ്യൂട്ടി ഫയർ ചീഫ് രാജേഷ് പൻവാർ അറിയിച്ചു. കെട്ടിടത്തിലെ സംവിധാനം പ്രവർത്തനക്ഷമമായിരുന്നില്ലെന്നു വ്യക്‌തമായതായി അദ്ദേഹം പറഞ്ഞു.


കേന്ദ്ര പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ സംഭവസ്‌ഥലം സന്ദർശിച്ചു. അഗ്നിബാധ രാജ്യത്തിനു കനത്ത നഷ്‌ടമാണു വരുത്തിവച്ചിരിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം അത്യാഹിതത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലും അഗ്നിശമനസംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ നിർദേശവും നൽകി. അപൂർവമായ നിരവധി വസ്തുക്കളുടെ കേന്ദ്രമായതിനാൽ അഗ്നിബാധയെത്തുടർന്നുള്ള നഷ്‌ടം വേഗത്തിൽ കണക്കാക്കാനാകില്ല. ഏതൊക്കെ വസ്തുക്കൾ പുനരുപയോഗിക്കാനാകുമെന്ന കാര്യവും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.

പ്രകൃതിസംരക്ഷണം, ഭക്ഷ്യശൃംഖല തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുന്ന സിനിമകളുടെ പ്രിന്റുകളും വീഡിയോകളും മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. ജനങ്ങളിൽ പാരിസ്‌ഥിതിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1972 ലാണ് ദേശീയ ചരിത്രമ്യൂസിയം പ്രവർത്തനമാരംഭിച്ചത്.

പ്രതിദിനം ആയിരത്തോളം സന്ദർശകർ മ്യൂസിയത്തിൽ എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.