സൂക്ഷിച്ചാൽ സെൽഫി ദു:ഖിപ്പിക്കില്ല !
Wednesday, April 27, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സെൽഫിയെടുക്കുന്നതു സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമായിരിക്കണം. സൂക്ഷിച്ച് സെൽഫിയെടുത്തില്ലെങ്കിൽ ദു:ഖിക്കേണ്ടി വരുമെന്നാണു കേന്ദ്ര സർക്കാരും പറയുന്നത്. മൊബൈൽ ഫോണിൽ സെൽഫിയെടുക്കുമ്പോൾ ഉണ്ടാകുന്ന അപകട മരണങ്ങൾ തടയാൻ രാജ്യത്ത് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്‌തമാക്കി.

ഇത്തരത്തിലുള്ള മരണങ്ങൾ തടയാൻ ഒരു വിധത്തിലുള്ള മാർഗനിർദേശങ്ങളും സർക്കാർ ഇതുവരെ ഇറക്കിയിട്ടില്ലെന്നുമാണു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാർഥിഭായ് ചൗധരി രാജ്യസഭയിൽ വ്യക്‌തമാക്കിയത്.

സെൽഫിയെടുക്കുമ്പോൾ സംഭവിക്കുന്ന അപകടമരണങ്ങളിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിലാണെന്നും ഇതു തടയുന്നതിനു സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്നുമുള്ള ഡിഎംകെ എംപി ഡോ. കെ.പി രാമലിംഗത്തിന്റെ ചോദ്യത്തിനു മറുപടിയായാണു സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്‌തമാക്കിയത്.

സെൽഫി മൂലമുള്ള മരണങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോയെന്നും ഇതു തടയാൻ എന്തെങ്കിലും മാർഗനിർദേശങ്ങൾ കൈക്കൊണ്ടിട്ടുണ്ടോ എന്നുമായിരുന്നു എംപിയുടെ ചോദ്യം. കഴിഞ്ഞ വർഷം ലോകത്താകെയുണ്ടായ സെൽഫി മരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിലാണെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്നതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ബോട്ടിൽ നിന്നും വീണും കീഴ്ക്കാം തൂക്കായ മലനിരകളിൽ നിന്നു താഴേക്കു പതിച്ചും കടലിൽ വീണുമാണ് ഇന്ത്യയിലെ സെൽഫി മരണങ്ങളിലേറെയും നടന്നിട്ടുള്ളത്. 2015ൽ ഇന്ത്യയിൽ 27 സെൽഫി മരണങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.


ഇന്നലെ കൊടൈക്കനാലിൽ കൂട്ടുകാർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ മധുര സ്വദേശി കൊക്കയിൽ വീണു മരിച്ചിരുന്നു.കൊക്കയിലേക്കു കാൽ തെന്നി വീഴുകയായിരുന്നു.

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ ജപ്പാൻ സ്വദേശി താജ്മഹലിന്റെ പടിക്കെട്ടിൽ നിന്നു വീണു മരണമടഞ്ഞിരുന്നു.

പോയ വർഷം ജനുവരിയിൽ മഥുരയ്ക്കു സമീപം കോശികലയിൽ ട്രെയിനിനു മുൻപിൽ നിന്നു സെൽഫിയെടുക്കവേ മൂന്നു കോളേജ് വിദ്യാർഥികൾ മരണമടഞ്ഞു.

മാർച്ചിൽ സൂഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കിടെ ബോട്ടിനുള്ളിൽ വെച്ചു സെൽഫിയെടുക്കുന്നതിനിടെ ഏഴു യുവാക്കൾ മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ നാമക്കലിൽ സെൽഫിയെടുക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥി പാറക്കെട്ടിൽ നിന്നും വീണു മരിച്ചു.

രാജ്കോട്ടിലെ സുന്ദർ നഗറിൽ രണ്ടു വിദ്യാർഥികൾ സെൽഫിയെടുക്കുന്നതിനിടെ നർമദ കനാലിൽ വീണു മരിച്ചു. 2016ൽ മുംബയിലെ ബാന്ദ്ര വേർലിയിൽ സെൽഫിയെടുക്കുന്നതിനിടെ അഴിമുഖത്ത് രണ്ടുപേർ മുങ്ങി മരിച്ചിരുന്നു.

ഇതേ തുടർന്ന് മുംബയ് പോലീസ് 16 സ്‌ഥലങ്ങൾ സെൽഫി നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു. തിക്കിലും തിരക്കിലും ഉണ്ടാകുന്ന അപകടം ഭയന്ന് കഴിഞ്ഞ വർഷം നാസിക്കിലെ കുംഭമേളയിലും ത്രികുംഭേശ്വറിലും സെൽഫിയെടുക്കുന്നത് നിരോധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.