ബിഹാറി തിഹാറിയായ കഥയുമായി കനയ്യയുടെ പുസ്തകം
ബിഹാറി തിഹാറിയായ കഥയുമായി കനയ്യയുടെ പുസ്തകം
Wednesday, April 27, 2016 12:49 PM IST
ന്യൂഡൽഹി: ബിഹാറിൽ നിന്നു തിഹാർ വരെയെത്തിയ ജീവിത പാഠങ്ങൾ എഴുതാൻ ഒരുങ്ങി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ. ജെഎൻയുവിലെ അനിഷ്‌ട സംഭവങ്ങൾക്കും തിഹാർ വാസത്തിനും പുറമേ രാഷ്ര്‌ടീയ, സാമൂഹിക വിഷയങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നു കനയ്യ പറഞ്ഞു. എങ്കിലും സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതലുള്ള രാഷ്ര്‌ടീയ, സാംസ്കാരിക പ്രവർത്തനങ്ങളും ജെഎൻയുവിലെ സംഭവങ്ങളുമായിരിക്കും പ്രധാന ഇതിവൃത്തമെന്നും കനയ്യ വ്യക്‌തമാക്കി. ജുഗർനോട്ട് ആണ് പ്രസാധകർ. ഇംഗ്ലീഷിലും ഹിന്ദിയിലും പുസ്തകം പുറത്തിറങ്ങും.

സമീപ കാലത്തുയർന്നുവന്ന പോരാട്ടം എവിടെയെത്തി നിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. എങ്കിലും ആശയങ്ങളും സംഭവങ്ങളും ചരിത്രപരമായി രേഖപ്പെടുത്തിവക്കണം. അതാണ് പുസ്തകരചനയിലൂടെ ഉദ്ദേശിക്കുന്നതെന്നും കനയ്യ പറഞ്ഞു. പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനെ അനുസ്മരിച്ച ചടങ്ങുമായി ബന്ധപ്പെട്ട് പോലീസ് കനയ്യ കുമാറിനെ അറസ്റ്റുചെയ്തിരുന്നു. 21 ദിവസം ജയിലിൽ കിടക്കുകയും ചെയ്തു. ഇതിനിടെ നിരവധി പ്രസംഗങ്ങളും കനയ്യകുമാർ നടത്തിയിരുന്നു. ബീഹാറിലെ ബേഗുസാരായ് ജില്ലക്കാരനായ കനയ്യ പാറ്റ്നയിലെ നളന്ദ ഓപ്പൺ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ജെഎൻയുവിലെത്തുന്നത്. ജെൻയുവിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ആഫ്രിക്കൻ സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുകയാണ് കനയ്യ കുമാർ ഇപ്പോൾ. ജെഎൻയുവിൽ തന്റെ അടുത്ത സെമസ്റ്റർ പൂർത്തിയാകുന്നതിനു മുൻപ് പുസ്തക രചന പൂർത്തിയാക്കുമെന്നും കനയ്യ പറയുന്നു.


അതേസമയം, ഫെബ്രുവരി ഒമ്പതിനു കാമ്പസിൽ സംഘടിപിച്ച അഫ്സൽ ഗുരു അനുസ്മരണം ഉൾപ്പടെയുള്ള പരിപാടികളുടെ പേരിൽ വിദ്യാർത്ഥികൾക്കെതിരേ നടപടിക്കൊരുങ്ങുന്ന സർവകലാശാലയ്ക്കെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണു കനയ്യ കുമാർ ഉൾപ്പടെയുള്ള വിദ്യാർഥികൾ. വിദ്യാർഥികൾ സർവകലാശാലയിൽ നിരാഹാരമിരിക്കുമെന്നും കനയ്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.