വാഹനനിയന്ത്രണത്തിനെതിരേ കുതിരപ്പുറത്തേറി എംപി
വാഹനനിയന്ത്രണത്തിനെതിരേ കുതിരപ്പുറത്തേറി എംപി
Wednesday, April 27, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേജരിവാൾ സർക്കാരിന്റെ ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണത്തിൽ പ്രതിഷേധിച്ചു ബിജെപി എംപി ആർ.പി ശർമ ഇന്നലെ കുതിരപ്പുറത്താണു പാർലമെന്റിലേക്കു വന്നത്. സ്വയം ഓടിച്ചു വരാനുള്ള ധൈര്യക്കുറവു കാരണം കടിഞ്ഞാൺ പിടിച്ചുകൂടെ ഒരാൾ താഴെ നടക്കുന്നുമുണ്ടായിരുന്നു. മലിനീകരണ വിമുക്‌ത വാഹനം എന്നു ബോർഡെഴുതി കുതിരയുടെ ഇരുവശത്തും തൂക്കിയാണു എംപി എത്തിയത്.

പാർലമെന്റിലേക്കുള്ള വഴിയിൽ വിജയ് ചൗക്കിലെത്തിയപ്പോഴേക്കും എംപിയേയും കുതിരയെയും ചാനൽ കാമറകൾ വളഞ്ഞിരുന്നു. എന്തായാലും സുരക്ഷാ സ്റ്റിക്കറുകൾ പതിക്കാത്ത വാഹനങ്ങൾക്കു പാർലമെന്റിനകത്തേക്കു പ്രവേശനമില്ലാത്തതുകൊണ്ട് ശർമയുടെ കുതിര പുറത്തു നിന്നു പുല്ലു തിന്നു.


പരിസ്‌ഥിതി മലിനീകരണം കുറയ്ക്കാനായി ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പരിഷ്കാരത്തോടുള്ള പ്രതിഷേധ സൂചകമായിരുന്നു ബിജെപി എംപിയുടെ കുതിരസവാരി. ആസാമിലെ തേസ്പൂരിൽ നിന്നുള്ള എംപിയാണ് ആർ.പി ശർമ. മറ്റൊരു ബിജെപി അംഗം മനോജ് തിവാരി പാർലമെന്റിൽ എത്തിയത് സൈക്കിളിലാണ്.

നിയന്ത്രണം തെറ്റിച്ചു തിങ്കളാഴ്ച അഞ്ച് എംപിമാർ സ്വന്തം വാഹനങ്ങളിൽ പാർലമെന്റിൽ വന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എംപിമാർക്കായി ആം ആദ്മി സർക്കാർ ആറു പ്രത്യേക എസി ബസുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, എംപിമാർ നിസഹരിച്ചതോടെ ഈ ബസുകൾ പിൻവലിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.