സോണിയയെ കുടുക്കാൻ സഹായിച്ചാൽ മറീനുകളെ വിടാമെന്നു മോദി പറഞ്ഞെന്ന്
സോണിയയെ കുടുക്കാൻ സഹായിച്ചാൽ മറീനുകളെ വിടാമെന്നു മോദി പറഞ്ഞെന്ന്
Wednesday, April 27, 2016 12:58 PM IST
ന്യൂഡൽഹി: സോണിയ ഗാന്ധിയെ കുടുക്കാൻ പറ്റിയ വിവരം നൽകിയാൽ ഇറ്റാലിയൻ മറീനുകളെ വിട്ടയയ്ക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയോടു പറഞ്ഞെന്ന് ആരോപണം. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ജയിംസ് മിഷേലാണ് ആരോപണം ആവർത്തിച്ചത്.

നേരത്തേ ഒരു വിദേശകോടതിയിൽ മിഷേൽ ഈ ആരോപണം മൊഴിയായി നൽകിയിരുന്നു. കഴിഞ്ഞദിവസം ‘ദ ഹിന്ദു’ ലേഖകനു നൽകിയ അഭിമുഖത്തിൽ ആരോപണം ആവർത്തിച്ചു. ദുബായിൽ കഴിയുന്ന മിഷേൽ ടെലിഫോൺ അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ കണ്ടപ്പോഴാണു മോദി ഇറ്റാലിയൻ പ്രധാനമന്ത്രി മാത്തെയോ റെൻസിക്ക് ഓഫർ നൽകിയതെന്നു മിഷേൽ പറയുന്നു. സെപ്റ്റംബർ 24–നോ 25–നോ ആയിരുന്നു കൂടിക്കാഴ്ച. പ്രതീക്ഷിച്ചതിലേറെ സമയം കൂടിക്കാഴ്ച നീണ്ടതിനാൽ മറ്റുചില കൂടിക്കാഴ്ചകൾ പുനർക്രമീകരിക്കേണ്ടിവന്നു.


ബ്രിട്ടീഷ് പൗരനായ മിഷേൽ അറസ്റ്റ് ഭയന്നാണു ദുബായിൽ കഴിയുന്നത്. ഇറ്റാലിയൻ കോടതിയിൽ തനിക്കെതിരേ സമർപ്പിച്ചിട്ടുള്ള രേഖകൾ വ്യാജമാണെന്നു മിഷേൽ പറയുന്നു. ഇടപാടിൽ മിഷേൽ 360 കോടി രൂപ (5.5 കോടി യൂറോ) പറ്റിയെന്നാണ് ആരോപണം. ഈ തുകയുടെ വീതംവയ്പിന്റെ കണക്ക് എന്നുപറഞ്ഞ് ഒരു കൈയെഴുത്തുരേഖ മിലാനിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ആ രേഖ താൻ എഴുതിയതല്ലെന്നും തന്റെ കൈപ്പടയല്ല അതിലേതെന്നും മിഷേൽ പറയുന്നു.

സോണിയ ഗാന്ധിയോടോ ആ കുടുംബത്തിലെ ആരോടെങ്കിലുമോ താൻ ബന്ധപ്പെട്ടിട്ടില്ലെന്നു മിഷേൽ ആവർത്തിക്കുന്നു. തന്റെ പിതാവ് വുൾഫ് ഗാംഗ് മിഷേലിന് ഇന്ത്യയിൽ ഇടപാടുകളും ബന്ധങ്ങളും ഉണ്ടായിരുന്നു. പക്ഷേ, തനിക്കു ഗാന്ധിമാർ ആരെയും പരിചയമില്ല; ആരെയും കണ്ടിട്ടില്ലെന്നു മിഷേൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.