മോദി സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാണിക്കും: ആന്റണി
മോദി സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാണിക്കും: ആന്റണി
Wednesday, April 27, 2016 12:58 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ടു മോദി സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരേ അടിസ്‌ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തു വരുന്നത് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്‌ഥ മറച്ചു വയ്ക്കാനാണെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. വിവാദ കമ്പനി ഫിൻമെക്കാനിക്കയും മോദി സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കോൺഗ്രസ് തുറന്നു കാണിക്കുമെന്നും ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു.

അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ സംശയം ഉയർന്ന സാഹചര്യത്തിൽ തന്നെ യുപിഎ സർക്കാർ കരാർ റദ്ദാക്കുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫിൻമെക്കാനിക്കയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. എന്നാൽ, അധികാരത്തിലെത്തി രണ്ടു വർഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം പൂർത്തിയാക്കി അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മോദി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ആന്റണി പറഞ്ഞു.

യുപിഎ സർക്കാർ ഇതേ കമ്പനിക്കെതിരേ ഇറ്റലിയിൽ നിയമ നടപടി സ്വീകരിക്കുകയും കരാർ അനുസരിച്ചുള്ള നഷ്‌ടപരിഹാരത്തുക ഈടാക്കുക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഇതേ കമ്പനിയുമായി വീണ്ടും കരാറുണ്ടാക്കാനാണ് മോദി സർക്കാരിന്റെ ശ്രമം.

സർക്കാരിനെതിരേ പത്തു ചോദ്യങ്ങളുമായാണ് കോൺഗ്രസ് ഇന്നലെ രംഗത്തെത്തിയത്. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വിലക്കിൽനിന്ന് അഗസ്ത വെസ്റ്റ്ലാൻഡിനെ രക്ഷപ്പെടുത്തിയത് എന്തിനെന്നും വ്യക്‌തമാക്കണം. കമ്പനിയെ മേക്ക് ഇൻ ഇന്ത്യാ പദ്ധതിയിൽപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2014 ജൂലൈയിൽ ധൃതിപിടിച്ച് അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയതു വ്യക്‌തമാക്കണം. അഗസ്ത വെസ്റ്റ്ലാൻഡും ടാറ്റയും ചേർന്ന സംയുക്‌ത കമ്പനിയുടെ ഹെലികോപ്റ്ററുകൾക്ക് നിർമാണാനുമതി നൽകിയത് എന്തിനെന്നു വിശദീകരിക്കണം.


2015ൽ നാവികസേനയ്ക്കുള്ള ഹെലികോപ്റ്റർ ടെൻഡറിൽ പങ്കെടുക്കാൻ അഗസ്ത വെസ്റ്റ്ലാൻഡിനെ അനുവദിച്ചത് എന്തിനെന്നും വിശദീകരിക്കണം. കമ്പനിക്കെതിരേ പ്രഖ്യാപിച്ച സിബിഐ അന്വേഷണം രണ്ടുവർഷമായിട്ടും പൂർത്തിയാക്കാത്തത് എന്തു കൊണ്ടെന്നും ഇന്ത്യയിൽവന്ന് ചോദ്യം ചെയ്യലിനു സഹകരിക്കാമെന്ന ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന്റെ ഉറപ്പ് കേന്ദ്രസർക്കാർ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിക്കുന്നു.

കോൺഗ്രസ് നേതാക്കൾക്കെതിരേ നടത്തുന്ന ഗൂഢാലോചനയ്ക്കു പകരമായി കടൽക്കൊല കേസിലെ പ്രതികളെ മോചിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ ഏറ്റിട്ടുണ്ടോയെന്നും ഹെലികോപ്ടർ ഇടപാടിൽ ആരോപണവിധേയനായ മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിക്ക് സംഘപരിവാർ സംഘടനയായ വിവേകാനന്ദ ഫൗണ്ടേഷനുമായുള്ള ബന്ധം വിശദീകരിക്കണമെന്നും കോൺഗ്രസ് ചോദ്യമുന്നയിക്കുന്നു. 65 ലക്ഷം നഷ്ടത്തിൽ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ വാങ്ങിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിംഗിനും രാജസ്‌ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുമെതിരേ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും കോൺഗ്രസ് കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.