വിശാഖപട്ടണത്തു ബയോഡീസൽ പ്ലാന്റ് കത്തിനശിച്ചു
വിശാഖപട്ടണത്തു ബയോഡീസൽ  പ്ലാന്റ് കത്തിനശിച്ചു
Wednesday, April 27, 2016 12:58 PM IST
വിശാഖപട്ടണം: ബയോഡീസൽ പ്ലാന്റിന്റെ സംഭരണശാലയിൽ വൻ അഗ്നിബാധ. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണു നഗരപ്രാന്തത്തിലെ ദുവാഡയിൽ പ്രവർത്തിക്കുന്ന ബയോമിക്സ് ഫ്യൂവൽസ് ലിമിറ്റഡിലെ (ബിഎഫ്എൽ) സംഭരണടാങ്കുകൾക്കു തീപിടിച്ചത്. ആളപായമില്ല. അപകടസമയത്തു ജീവനക്കാർ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. ഒരു ടാങ്കിൽ നിന്നു മറ്റു ടാങ്കുകളിലേക്കു മിനിറ്റുകൾക്കുള്ളിൽ തീപടർന്നുപിടിക്കുകയായിരുന്നു. അഞ്ചുലക്ഷം ടൺ ബയോഡീസൽ സംഭരിക്കാൻ ശേഷിയുള്ള കമ്പനിയിലെ 15 സംഭരണടാങ്കുകളിൽ 11 എണ്ണമാണു കത്തിയമർന്നത്.

ടാങ്കുകളിൽ നിന്ന് അഗ്നിനാളങ്ങൾ 30 അടിയിലേറെ ഉയർന്നു. മുൻകരുതൽ എന്ന നിലയിൽ സമീപപ്രദേശങ്ങളിൽ നിന്ന് ഏതാനും കുടുംബങ്ങളെ ഒഴിപ്പിച്ചു. 200 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. തീപിടിത്തം ഉണ്ടായ ഉടൻ നാവികസേനയുടെയും വിശാഖപട്ടണം ഉരുക്ക് നിർമാണശാലയുടെയും തുറമുഖവകുപ്പിന്റെയുമുൾപ്പെടെ നാല്പതോളം അഗ്നിശമന യൂണിറ്റുകൾ അപകടസ്‌ഥലത്തെത്തി.


അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യവസായശാലകളിൽ കൃത്യമായ ഇടവേളകളിൽ സുരക്ഷാപരിശോധന നടത്തണമെന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്‌ഥർക്കു നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.