രാജസ്‌ഥാനിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ: 11 പേർ മരിച്ചു
Friday, April 29, 2016 12:46 PM IST
ജയ്പുർ: രാജസ്‌ഥാനിലെ ജയ്പുരിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ പുനഃരധിവാസകേന്ദ്രത്തിലെ അന്തേവാസികളായ 11 കുട്ടികൾ പത്തുദിവസത്തിനുള്ളിൽ ദുരൂഹസാഹച്യത്തിൽ മരിച്ചു. ആറു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെ കഴിഞ്ഞ 16 മുതലാണു കുട്ടികളെ ആശുപത്രിയിലേക്കു മാറ്റിയത്. ആറിനും 15 നും ഇടയിൽ പ്രായമുള്ള അനാഥക്കുട്ടികളാണ് അത്യാഹിതത്തിന് ഇരയായത്. മലിനമായ ഭക്ഷണവും ജലവുമാകാം കുട്ടികളുടെ മരണത്തിനു കാരണമെന്നു സംശയിക്കുന്നു. ജയ്പൂരിൽ നിന്നു പത്തു കിലോമീറ്റർ അകലെ ജാംദോലിയിലാണു പുനഃരധിവാസകേന്ദ്രം. 200 ഓളം കുട്ടികൾ കേന്ദ്രത്തിലുണ്ട്.

ഓരോ മുറിയിലും പതിനഞ്ചോളം കുട്ടികളുണ്ട്. കേന്ദ്രത്തിൽ അറ്റകുറ്റപ്പണി നടക്കാറില്ലെന്ന് ആരോപണമുണ്ട്. അത്യാഹിതം ഉണ്ടായതിനെത്തുടർന്ന് ഇന്നലെ കിണറുകൾ ശുദ്ധീകരിച്ചു. രണ്ടു ഡോക്ടർമാരെ കേന്ദ്രത്തിൽ നിയോഗിക്കുകയും ചെയ്തു. കുട്ടികളുടെ മരണത്തെത്തുടർന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണത്തിനു രാജസ്‌ഥാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.


ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുദർശൻ സേഥിയുടെ നേതൃത്വത്തിലുള്ള സമിതി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു.മോശം ഭക്ഷണമോ കുടിവെള്ളമോ അല്ല കുടലിലെ അണുബാധയാണു കുട്ടികളുടെ മരണത്തിനു കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായി സംസ്‌ഥാന സാമൂഹ്യക്ഷേമന്ത്രി അരുൺ ചതുർവേദി അറിയിച്ചു. മരണടഞ്ഞ കുട്ടികളുടെ സംസ്കാരം നടത്തിയതായും അദ്ദേഹം പറഞ്ഞു. അസുഖബാധിതരായ കുട്ടികളെ സമീപത്തെ ് ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും പലരുടെയും നില വഷളാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.