പശ്ചിമബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
Friday, April 29, 2016 12:46 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പെടെ 349 സ്‌ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. സൗത്ത് കോൽക്കത്തയിലെ ഭവാനിപുരിൽനിന്നാണു മമത മത്സരിക്കുന്നത്. കോൺഗ്രസിന്റെ ദീപാ ദാസ്മുൻഷിയും ബിജെപിയുടെ ചന്ദ്രകുമാർ ബോസുമാണ് മമതയുടെ എതിരാളികൾ. സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയാണ് ചന്ദ്രകുമാർ.

സൗത്ത് 24 പർഗാനാസ്, കോൽക്കത്ത സൗത്ത്, ഹൂഗ്ലി ജില്ലകളുൾപ്പെടെ ഇന്നു വോട്ടെടുപ്പു നടക്കുന്ന 53 മണ്ഡലങ്ങളിൽ 1.2 കോടി വോട്ടർമാരാണുള്ളത്.

നാരദ ഒളികാമറ കൈക്കൂലി വിവാദത്തിൽപെട്ട തൃണമൂലിന്റെ സുബ്രത മുഖർജി, കോൽക്കത്ത മേയർ സോവൻ ചാറ്റർജി, നഗരവികസന മന്ത്രി ഫിർഹദ് ഹക്കിം എന്നിവരും ഇന്നു ജനവിധി തേടുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജി, ഭവന–യുവജനകാര്യമന്ത്രി അരൂപ് ബിശ്വാസ്, ഊർജമന്ത്രി മനീഷ് ഗുപ്ത, ദുരന്തനിവാരണ–ഫയർ സർവീസ് മന്ത്രി ജാവേദ് അഹമ്മദ് ഖാൻ എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരാണ്.


അക്രമസംഭവങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 90,000 കേന്ദ്ര– സംസ്‌ഥാനസേനകളാണ് തെരഞ്ഞെടുപ്പിനു കാവലൊരുക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് നടത്തിയ റെയ്ഡിൽ 1.5 ലക്ഷം രൂപയുടെ അനധികൃത പണവും 98.4 ലക്ഷം ലിറ്റർ വ്യാജമദ്യവും ബോംബുകളും ആയുധങ്ങളും പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.