മധുരപ്രതികാരം മനസിൽ നുണഞ്ഞു സുരേഷ് ഗോപിയുടെ സത്യപ്രതിജ്‌ഞ
മധുരപ്രതികാരം മനസിൽ നുണഞ്ഞു സുരേഷ് ഗോപിയുടെ സത്യപ്രതിജ്‌ഞ
Friday, April 29, 2016 12:46 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഓർമയുണ്ടോ ആ ഓറഞ്ച് ഷാൾ; ഒരു മധുരപ്രതികാരം മനസിൽ നുണഞ്ഞു സുരേഷ് ഗോപി ചോദിച്ചത് അങ്ങ് കേരളത്തിൽ ചെന്നു കൊള്ളേണ്ടിടത്തു കൊണ്ടുകാണും. രണ്ടു വർഷം മുമ്പു ഡൽഹിയിലേക്കു വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണിയിക്കാൻ കരുതിയിരുന്ന ഷാളിനെക്കുറിച്ചാണ് സുരേഷ് ഗോപി ഓർമപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വന്നു പലവട്ടം തൊട്ടുതൊഴുതു പോയ പാർലമെന്റ് പടിയിലേക്കു സത്യപ്രതിജ്‌ഞയ്ക്കായി കാലെടുത്തു വയ്ക്കുന്നതിനു മുമ്പുതന്നെ താരം തനിക്കെതിരേ പരിഹാസശരങ്ങൾ തൊടുത്തവരോടുള്ള മധുരപ്രതികാരം ഡയലോഗിലൊതുക്കി.

കഴിഞ്ഞ മാർച്ചിൽ താൻ പ്രധാനമന്ത്രിക്കു സമ്മാനിച്ച ഓറഞ്ച് നിറത്തിലുള്ള ഷാൾ അണിഞ്ഞാണ് അദ്ദേഹം പല പ്രധാന പരിപാടികളിലും പങ്കെടുക്കുന്നതെന്നു മോദി തന്നെ വ്യക്‌തമാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കണമെന്ന തന്റെ ക്ഷണം മോദി സ്വീകരിച്ചെന്നും സുരേഷ്ഗോപി വെളിപ്പെടുത്തി. ശബരിമല, പന്നിയൂർ ക്ഷേത്രങ്ങളിലേക്കും മോദിയെ ക്ഷണിച്ചിട്ടുണ്ട്.

2104 മാർച്ചിൽ മോദി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരത്തിലേറുന്നതിനു മുമ്പാണ് അഭിനന്ദനങ്ങൾക്കൊപ്പം ഓറഞ്ച് ഷാളുമായി സുരേഷ് ഗോപിയെത്തിയത്. കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് ഷാളുമായി മോദിയെക്കാണാൻ സുരേഷ് ഗോപി എത്തിയത്.

എന്നാൽ, അക്കാര്യത്തിൽ പിന്നീട് തീരുമാനമൊന്നും ഉണ്ടാകാതിരുന്നതിനാൽ ഷാൾ ഗോപിയെന്നു വരെ താരത്തെ കോൺഗ്രസ് യുവനേതാക്കൾ ഉൾപ്പെടെയുള്ളവർ സാമൂഹ മാധ്യമങ്ങളിൽ പരിഹസിച്ചിരുന്നു. അതിനുള്ള പ്രതികാരമാണ് ഇന്നലെ രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു തൊട്ടു മുമ്പായി സുരേഷ് ഗോപി ഇന്നലെ കനത്തിലൊരു ഡയലോഗിലൊതുക്കിയത്.

സത്യപ്രതിജ്‌ഞാ ചടങ്ങിനായി വ്യാഴാഴ്ച തന്നെ ഡൽഹിയിലെത്തിയിരുന്ന സുരേഷ്ഗോപി, കുടുംബാംഗങ്ങളോടൊപ്പം ഇന്നലെ രാവിലെതന്നെ പാർലമെന്റിലെത്തി. അതിനു മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യസഭാ സെക്രട്ടറിയെയും സന്ദർശിച്ചു. രാവിലെ പതിനൊന്നിനു മുമ്പായി രാജ്യസഭയിൽ പ്രവേശിച്ച സുരേഷ് ഗോപി, തന്റെ 90–ാം നമ്പർ സീറ്റിലിരിപ്പുറപ്പിച്ചു. സഭയിലേക്ക് അംഗങ്ങളൊന്നൊന്നായി എത്തിത്തുടങ്ങിയതോടെ ഓരോരുത്തരെയും പരിചയപ്പെടാനായി സുരേഷ് ഗോപി ആദ്യം പ്രതിപക്ഷ നിരയിലേക്കാണു നീങ്ങിയത്. അതിനിടെ, സഭയിലെത്തിയ സിപിഐ അംഗം ഡി. രാജ താരത്തെ ആലിംഗനം ചെയ്ത് എൻസിപി നേതാവ് ശരദ് പവാർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ പരിചയപ്പെടുത്തി. കോൺഗ്രസ് അംഗങ്ങളുടെയിടയിലേക്കു നീങ്ങിയ സുരേഷ് ഗോപി തനിക്കേറെയിഷ്‌ടമെന്നു പിന്നീടു വ്യക്‌തമാക്കിയ ജയറാം രമേശിനു കൈ കൊടുത്തു. പശ്ചിമഘട്ടത്തിനുവേണ്ടി പോരാടണമെന്ന് ജയറാം രമേശ് പറഞ്ഞതായി സുരേഷ് ഗോപി പറഞ്ഞു. മടങ്ങി വരവേ ഭരണപക്ഷ നിരയിൽ നിന്നും പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വി സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു. അതിനിടെ, ബിജെപി എംപിമാരുൾപ്പടെയുള്ളവരെത്തി സൗഹൃദം പങ്കുവച്ചു. സുരേഷ് ഗോപിയുമായി വ്യക്‌തിബന്ധം പുലർത്തുന്ന പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഒരു കടലാസിന്റെ ഇരുപുറവും നിറയെ അഭിനന്ദനമെഴുതി സുരക്ഷാ ഉദ്യോഗസ്‌ഥൻ വശം സുരേഷ് ഗോപിക്കു കൊടുത്തുവിട്ടു.


പതിനൊന്നിനു സഭ തുടങ്ങുന്നതിനു തൊട്ടുമുമ്പായി സ്പീക്കറുടെ ചേംബറിൽ നിന്നിറങ്ങി വന്ന ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ നടുത്തളത്തിലിറങ്ങി സുരേഷ് ഗോപിയെ തിരഞ്ഞു. കണ്ടെത്തിയപ്പോഴേക്കും അധ്യക്ഷൻ ഹമീദ് അൻസാരി തന്റെ ഇരിപ്പടത്തിനരികിലെത്തിയിരുന്നു. അതോടെ താരത്തിനരികിലേക്ക് ഓടിയെത്തിയ ഉപാധ്യക്ഷൻ വേഗത്തിലൊരു കൈ കൊടുത്തു മടങ്ങി. തുടർന്ന് പതിനൊന്നിനു രാജ്യസഭാ അധ്യക്ഷൻ ഹമീദ് അൻസാരിക്കു മുന്നിൽ സുരേഷ്ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്തു. ദൈവ നാമത്തിൽ ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്‌ഞ. സത്യവാചകം ചൊല്ലിയതിനുശേഷം സ്പീക്കറുടെ ഇരിപ്പടത്തിനരികിലെത്തിയ സുരേഷ്ഗോപിക്ക് ഹമീദ് അൻസാരി എഴുന്നേറ്റുനിന്ന് ഹസ്തദാനം ചെയ്തു. കാൽ ഒന്നു തൊട്ടു വന്ദിച്ചോട്ടെ എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം. ആദ്യം ഒന്നമ്പരന്ന അൻസാരി അനുമതി നൽകി. കാൽ തൊട്ടുവണങ്ങി രാജ്യസഭാ രജിസ്റ്ററിൽ ഒപ്പുവച്ചു മടങ്ങവേ മുന്നിലെത്തിയ സമാജ്വാദി പാർട്ടി അംഗവും സിനിമാ താരവുമായ ജയാ ബച്ചന്റെ കാലും സുരേഷ് ഗോപി തൊട്ടു വണങ്ങി. ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്ലി, മാധവ് എന്നിവർ രാജ്യസഭയിലെ വിഐപി ഗാലറിയിലിരുന്നു സുരേഷ് ഗോപിയുടെ രാജ്യസഭാ പ്രവേശനം വീക്ഷിച്ചു. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തും മുബൈയിൽനിന്നെത്തിയ ഒഡീസി നർത്തകിയുമായ കാദംബരി ശിവയ പലിതും കേരളത്തിൽനിന്നെത്തിയ ചില സുഹൃത്തുക്കളും സന്ദർശക ഗാലറിയിലുണ്ടായിരുന്നു.

സത്യപ്രതിജ്‌ഞ കഴിഞ്ഞു പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ഡയലോഗ് മുഴുവൻ പരിസ്‌ഥിതി സംരക്ഷണം മുൻനിർത്തിയുള്ളതായിരുന്നു. താൻ സാധാരണ നാമനിർദേശം ചെയ്യപ്പെട്ട് സഭയിലെത്തുന്ന മറ്റ് എംപിമാരിൽനിന്നും വ്യത്യസ്തനായി മുഴുവൻ സമയ എംപിയായിരിക്കുമെന്നും പരിസ്‌ഥിതി സംരക്ഷണമായിരിക്കും തന്റെ മുഖ്യ ലക്ഷ്യമെന്നും സാധാരണ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ അംഗത്വമെടുക്കുന്നതു ഡൽഹിയിൽവച്ചായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.