മോദിയുടെ വിദ്യാഭ്യാസ യോഗ്യത: വിവരാവകാശ കമ്മീഷൻ വിവരങ്ങൾ തേടി
മോദിയുടെ വിദ്യാഭ്യാസ യോഗ്യത:  വിവരാവകാശ കമ്മീഷൻ വിവരങ്ങൾ തേടി
Friday, April 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന വിവരങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷൻ. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനായി ഡൽഹി, ഗുജറാത്ത് സർവകലാശാലകളിൽനിന്നുള്ള വിവരങ്ങൾ നൽകണമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർ എം. ശ്രീധർ ആചാര്യലു ആവശ്യപ്പെട്ടിരിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പിൽ തനിക്കു ഡൽഹി സർവകലാശാലയിൽനിന്നു ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവുമുണ്ടെന്നാണ് മോദി സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിരുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞുകൊണ്ടു ലഭിച്ച വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്കു മറുപടി നൽകാൻ ഡൽഹി സർവകലാശാല ഈ മാസം ആദ്യം വിസമ്മതം അറിയിച്ചിരുന്നു. നരേന്ദ്ര മോദി എന്ന പേരിൽ എത്ര പേർ ഡൽഹി സർവകലാശാലയിൽ നിന്നും കറസ്പോണ്ടൻസായി ബിഎ പാസായിട്ടുണ്ടെന്ന ഡൽഹി സ്വദേശിയുടെ വിവരാവകാശ അപേക്ഷയും നിരസിച്ചിരുന്നു.


ഡൽഹി സർവകലാശാലയിലെ റോൾ നമ്പർ, ഡിഗ്രി നമ്പർ എന്നിവ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, റോൾ നമ്പർ തെരഞ്ഞു കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഡൽഹി സർവകലാശാല വ്യക്‌തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേജരിവാൾ കേന്ദ്ര വിവരാവകാശ കമ്മീഷണർക്കു കത്തെഴുതിയിരുന്നു. പ്രധാനമന്ത്രിക്ക് ഒരു ഡിഗ്രിയുമില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

രാജ്യത്തെ ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്. ഇക്കാര്യം മറച്ചുവയ്ക്കുന്നതു തെറ്റാണെന്നുമാണ് കേജരിവാൾ തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.