റിയൽ എസ്റ്റേറ്റ് നിയമം ഇന്നു നടപ്പിലാകുന്നു
Saturday, April 30, 2016 12:22 PM IST
ന്യൂഡൽഹി: പാർപ്പിടങ്ങൾ വാങ്ങുന്നവരെ സംരക്ഷിക്കാൻ രൂപം കൊടുത്ത റിയൽ എസ്റ്റേറ്റ് നിയമം ഇന്നു നടപ്പാകും. നിയമത്തിലെ 69 വകുപ്പുകൾ കേന്ദ്രഗവൺമെന്റ് വിജ്‌ഞാപനം ചെയ്തതോടെയാണിത്.

ഈ നിയമത്തിനുള്ള ശ്രമങ്ങൾ തുടങ്ങി എട്ടുവർഷം പിന്നിടുമ്പോഴാണു നിയമം നടപ്പാക്കാനുള്ള നടപടിയുടെ തുടക്കം. ഇനി നിയമനടത്തിപ്പിനുള്ള ചട്ടങ്ങൾ, തയാറാക്കൽ, സംസ്‌ഥാനതല റെഗുലേറ്ററി അഥോറിറ്റി നിയമനം, അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനം എന്നിവ നടക്കണം. രണ്ടു മാസത്തിനുള്ളിൽ ചട്ടങ്ങൾ തയാറാക്കണമെന്നാണു വ്യവസ്‌ഥ. അഥോറിറ്റികളും ട്രൈബ്യൂണലുകളും ഒരു വർഷത്തിനകം നിലവിൽ വരണം.


മൊത്തം 92 വകുപ്പുകൾ ഉള്ള നിയമത്തിൽ ശേഷിക്കുന്ന 22 വകുപ്പുകൾ അഥോറിറ്റികൾ നിലവിൽ വരുന്നതോടെ വിജ്‌ഞാപനംചെയ്യും.

മാർച്ചിലാണു രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയത്. മാർച്ച് 25നു രാഷ്ട്രപതി ഒപ്പുവച്ച് നിയമമാക്കി. അഥോറിറ്റികൾ രൂപീകരിച്ച് അവ പ്രവർത്തനചട്ടങ്ങൾ തയാറാക്കിയ ശേഷമേ പാർപ്പിടം വാങ്ങിയവർക്കു പരാതി സമർപ്പിക്കാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.