ആന്ധ്രപ്രദേശ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് 2.3 കോടിയുടെ കള്ളപ്പണം
Saturday, April 30, 2016 12:22 PM IST
ഹൈദരാബാദ്: ഈസ്റ്റ് ഗോദാവരി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആദിമൂലം മോഹന്റെ വസതിയിൽ അഴിമതിനിരോധന ബ്യൂറോ(എസിബി) നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 2.3 കോടിയുടെ ആസ്തി കണ്ടെത്തി. ഹൈദരാബാദ്, വിജയവാഡ,അനന്തപുർ, മേഡക്ക്, കഡപ്പ എന്നിവിടങ്ങളിൽ മോഹന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഡിഎസ്പി എ. രമാദേവിയുടെ നേതൃത്വത്തിൽ ഒരേസമയമായിരുന്നു റെയ്ഡ്.

വിശദമായ ചോദ്യംചെയ്യലിനുശേഷം കൈക്കൂലിക്കേസിൽ മോഹനെ അറസ്റ്റ് ചെയ്തു. തുടർന്നു വിജയവാഡ എസിബി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണക്കിൽപ്പെടാത്ത രണ്ടു കിലോഗ്രാം സ്വർണാഭരണങ്ങൾ, അഞ്ചുകിലോ വെള്ളി ആഭരണങ്ങൾ, രത്ന ആഭരണങ്ങൾ, ഏഴു ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ, കാർ എന്നിവയും കണ്ടെടുത്തു. ഹൈദരാബാദിൽ സ്വന്തമായി 14 ഫ്ളാറ്റുകളും നെല്ലൂർ, പ്രകാശം, ചിറ്റൂർ ജില്ലകളിലായി 50 ഏക്കർ ഭൂമിയുമുണ്ട്. സ്വത്തുക്കളിൽ ഭൂരിഭാഗവും കർണാടകയിലെ ബെല്ലാരിയിൽ ബന്ധുക്കളുടെ പേരിലേക്കു മാറ്റിയിട്ടുണ്ട്. സ്വർണാഭരണങ്ങളം നിരവധി ബാങ്കുകളിലെ സ്‌ഥിരനിക്ഷേപവും കണക്കാക്കിയാൽ കണക്കിൽപ്പെടാത്ത തുക 2.3 കോടി വരുമെന്ന് ഡിഎസ്പി എ. രമാദേവി പറഞ്ഞു. കള്ളപ്പണം തിരിമറി നടത്താൻ ഇളയ മകൾ തേജസ്വിയുടെ പേരിൽ മോഹൻ എട്ടു കമ്പനികൾ സ്‌ഥാപിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.


പോലീസ് റെയ്ഡിനെത്തിയതിൽ പ്രകോപിതനായ ഇയാൾ കൈയിലിരുന്ന മൊബൈൽഫോൺ വലിച്ചെറിഞ്ഞ് ഉദ്യോഗസ്‌ഥർക്കെതിരേ ആക്രോശിച്ചു. മൊബൈൽഫോണും പിടിച്ചെടുത്തിട്ടുണ്ട്.

ഹൈദരാബാദിലെ വിവിധ ബാങ്കുകളിലായി മോഹന്റെ പേരിലുള്ള 12 ലോക്കറുകൾകൂടി തുറക്കാനുണ്ടെന്ന് ഡിഎസ്പി രമാദേവി പറഞ്ഞു. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നവയുടെ മൂല്യം കണക്കാക്കുമ്പോൾ തുക ഇനിയും വളരെയേറെ വർധിക്കുമെന്ന് പോലീസ് കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.