കൽക്കരിപ്പാടം: സിബിഐ ഉദ്യോഗസ്‌ഥർ കോഴവാങ്ങിയെന്ന്
കൽക്കരിപ്പാടം: സിബിഐ ഉദ്യോഗസ്‌ഥർ കോഴവാങ്ങിയെന്ന്
Monday, May 2, 2016 12:23 PM IST
ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതി കേസ് അട്ടിമറിക്കാൻ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്‌ഥരിൽ ചിലർ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട സത്യസന്ധനായ ഉദ്യോഗസ്‌ഥനെന്ന പേരിൽ സിബിഐ ഡയറക്ടർക്ക് അയച്ച കത്തിലാണ് അന്വേഷണം അട്ടിമറിക്കാൻ മുതിർന്ന ഉദ്യോഗസ്‌ഥർ കോഴവാങ്ങിയതായി ആരോപിക്കുന്നത്. സിബിഐ ഡയറക്ടർ അനിൽ സിൻഹയ്ക്ക് അയച്ച മൂന്നു പേജ് വരുന്ന കത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ എക്സപ്രസ് ദിനപത്രമാണു പുറത്തുവിട്ടത്.

2ജി സ്പെക്ട്രം, കൽക്കരിപ്പാടം അഴിമതി കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നവരിൽ ചിലർ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹയെ സന്ദർശിച്ചിരുന്നതു വിവാദമായതിനു പിന്നാലെയാണ് പുതിയ വിവാദം. ചില മുതിർന്ന ഉദ്യോഗസ്‌ഥർ കേസ് അട്ടിമറിക്കാൻ പ്രതിസ്‌ഥാനത്തുള്ള കമ്പനികളിൽ നിന്നു കോഴ പറ്റുന്നുണ്ടെന്നും കേസ് ദുർബലമാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർക്കുമേൽ ഇവർ സമ്മർദം ചെലുത്തുന്നുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ചില കേസുകൾ ആരോപണ വിധേയരായ കമ്പനികൾ കോഴ നൽകാത്തതിനെ തുടർന്ന് വീണ്ടും അന്വേഷിക്കാനെടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.


ചില ഇടപാടുകളിൽ കേസ് എടുക്കണമെന്ന മേധാവിയുടെ നിർദേശം പോലും അട്ടിമറിച്ചു. മറ്റു ചിലതിൽ ചില പ്രധാന ഘടകങ്ങൾ വിട്ടുകളഞ്ഞു റിപ്പോർട്ട് സമർപ്പിക്കാൻ സമ്മർദമുണ്ടായി.

അതേസമയം, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ തത്സ്ഥിതി പരിശോധിക്കുന്നതിനായി കോടതി നാളെ കേസ് പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.