അഗസ്ത വെസ്റ്റ്ലാൻഡ്: ബിജെപി തന്നെ ഉന്നംവയ്ക്കുന്നതിൽ സന്തോഷമെന്നു രാഹുൽ
അഗസ്ത വെസ്റ്റ്ലാൻഡ്: ബിജെപി തന്നെ ഉന്നംവയ്ക്കുന്നതിൽ സന്തോഷമെന്നു രാഹുൽ
Tuesday, May 3, 2016 12:24 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് ബിജെപി തന്നെ ഉന്നംവയ്ക്കുന്നതിൽ സന്തോഷമേയുള്ളെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഹെലികോപ്റ്റർ ഇടപാടിലെ ഇടപാടുകാരൻ ഗൈഡോ ഹാഷ്കെയ്ക്ക് രാഹുൽ ഗാന്ധിയുടെ ഉപദേഷ്‌ടാവ് കനിഷ്ക സിംഗുമായി അടുത്ത ബന്ധമുണ്ടെന്ന ബിജെപി എംപി കിരിത് സോമയ്യയുടെ ആരോപണത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലായ്പോഴും തന്നെയാണു ഉന്നംവയ്ക്കുന്നതെന്നും അതിൽ സന്തോഷമേയുള്ളൂയെന്നും പാർലമെന്റിനു മുന്നിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.


രാഹുലിന്റ ഉപദേഷ്‌ടാവ് കനിഷ്ക സിംഗുമായി ഗൈഡോ ഹാഷ്കെയ്ക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കിരിത് സോമയ്യ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും കത്തയച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായും രാഹുലിനു ബന്ധമുണ്ടെന്നും ബിജെപി എംപി ആരോപിച്ചു. എന്നാൽ, ബിജെപി എംപി ഉന്നയിച്ച ആരോപണങ്ങളെ നിഷേധിച്ച് കനിഷ്ക സിംഗും രംഗത്തെത്തി. ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും കനിഷ്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.