പാപുവാന്യൂഗിനിയിലും ന്യൂസിലൻഡിലും ഇന്ത്യക്കാർക്ക് അവസരങ്ങൾക്കു വഴിതുറക്കുമെന്നു രാഷ്ട്രപതി
പാപുവാന്യൂഗിനിയിലും ന്യൂസിലൻഡിലും ഇന്ത്യക്കാർക്ക് അവസരങ്ങൾക്കു വഴിതുറക്കുമെന്നു രാഷ്ട്രപതി
Tuesday, May 3, 2016 12:24 PM IST
<ആ>എയർ ഇന്ത്യ ഒന്ന് വിമാനത്തിൽനിന്ന് ജോർജ് കള്ളിവയലിൽ

കേരളത്തോടു പല തരത്തിലും സാമ്യമുള്ള ഭൂപ്രകൃതിയും കാലാവസ്‌ഥയും ഉള്ള പാപുവാന്യൂഗിനിയിലും ന്യൂസിലൻഡിലും ഇന്ത്യക്കാർക്കു വലിയ അവസരങ്ങൾ തുറക്കുന്നതിന് ഇരുരാജ്യങ്ങളിലും നടത്തിയ അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനം വഴിയൊരുക്കുമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി. ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കർഷകരുടെയും മറ്റും താത്പര്യം സംരക്ഷിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതിലാണു കരാർ വൈകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രീയ, ഭരണ രംഗത്തെ രാഷ്ട്രപതിയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്കു നേട്ടമാക്കാൻ ഈ മാസം അവസാനം അദ്ദേഹം ചൈനയും സന്ദർശിക്കും.

ആഗോള സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രം ജി എട്ട്, യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയടക്കമുള്ള വളരുന്ന സാമ്പത്തിക ശക്‌തികളുടെ അടുത്തേക്കു മാറുകയാണ്. ഈ യാഥാർഥ്യം അവഗണിക്കാനാകില്ല. ഈ മാറ്റത്തിന്റെ നേട്ടം സ്വന്തമാക്കുന്നില്ലെങ്കിൽ ഇന്ത്യ പിന്നിലേക്കു തഴയപ്പെടുകയും മറ്റു രാജ്യങ്ങൾ സ്‌ഥാനം സ്വന്തമാക്കുകയും ചെയ്യും. അതിനാൽ പാപുവ ന്യൂഗിനിയും (പിഎൻജി) ന്യൂസിലൻഡുമായുള്ള സാമ്പത്തിക, വ്യവസായിക, വിദ്യാഭ്യാസ, കാർഷിക, സാംസ്കാരിക സഹകരണം ശക്‌തിപ്പെടുത്തുന്നതിൽ തന്റെ സന്ദർശനം ഗുണകരമാകുമെന്ന് പ്രണാബ് വിശദീകരിച്ചു.

ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്‌ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും പിന്തുണ വാഗ്ദാനം ചെയ്തതും നേട്ടമാണ്– അഞ്ചു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്കു മടങ്ങും വഴി വിമാനത്തിൽ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൺ, എംപിമാരായ പ്രതാപ് സിംഗ് ബാജ്വ, രാംസ്വരൂപ് ശർമ, കെ. ഹരി ബാബു, രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോൾ, വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) പ്രീതി സരിൻ, പ്രസ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവരും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.


ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ രാഷ്ട്രപതി പാപുവ ന്യൂഗിനിയിലും ന്യൂസിലൻഡിലും സന്ദർശനം നടത്തിയതു തന്നെ പസിഫിക് മേഖലയിൽ ഇന്ത്യയുടെ സ്വാധീനവും ശക്‌തിയും ബലപ്പെടുത്തും. പാപുവാന്യൂഗിനിയിൽ ഇന്ത്യയുടെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ പോലും മുമ്പു സന്ദർശനം നടത്തിയിട്ടില്ലെന്നും പ്രണാബ് മുഖർജി ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി 30 വർഷം മുമ്പു നടത്തിയ സന്ദർശനത്തിനുശേഷം ആദ്യമായാണു രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ന്യൂസിലൻഡിലെത്തിയത്. രണ്ടു രാജ്യങ്ങളിലെയും സന്ദർശനം വൻവിജയമാണെന്നും ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ജനറൽ ജെറി മേറ്റ്പരേയും പ്രധാനമന്ത്രി ജോൺ കീയുമായി നടത്തിയ ചർച്ചകൾ ഏറെ ആശാവഹമാണെന്നും പ്രണാബ് മുഖർജി അറിയിച്ചു. ഏഷ്യ, പസിഫിക് മേഖലയിൽ ഇന്ത്യയുമായി വിവിധ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ന്യൂസിലൻഡ് നേതാക്കൾ താത്പര്യം വ്യക്‌തമാക്കിയെന്നു രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി ഡോ. വേണു രാജാമണി പറഞ്ഞു.

കാപ്പിയും തെങ്ങും റബറും കൊക്കോയും വാഴയും കുരുമുളകും മറ്റും വ്യാപകമായി കൃഷി ചെയ്യുന്ന പാപുവ ന്യൂഗിനിയുടെ എണ്ണ, പ്രകൃതിവാതകം, സ്വർണം, പിച്ചള, ധാതുക്കൾ, മരം തുടങ്ങിയവയുടെ വൻ ശേഖരം ഇന്ത്യയ്ക്കും നേട്ടമാക്കി മാറ്റാനാകുമെന്നാണു കരുതുന്നത്. പിഎൻജി ഗവർണർ ജനറൽ ഗ്രാൻഡ് ചീഫ് സർ മിഷേൽ ഒഗിയോയും പ്രധാനമന്ത്രി പീറ്റർ ഒനീലും വെസ്റ്റ് ന്യൂ ബ്രിട്ടൺ പ്രോവിൻസിന്റെ ഗവർണർ ജനറലും തമിഴ്നാട്ടിലെ ശിവകാശി സ്വദേശിയുമായ ശശീന്ദ്രൻ മുത്തുവേൽ തുടങ്ങിയവർ രാഷ്ട്രപതിയുമായി ചർച്ച നടത്തി.

ഇന്ത്യയിൽനിന്നുള്ള അധ്യാപകർ, നഴ്സുമാർ, അക്കൗണ്ടന്റുമാർ, ബിസിനസുകാർ തുടങ്ങിയവർക്കു പുതിയ തൊഴിലവസരങ്ങളും പിഎൻജിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.