വ്യാപം പരീക്ഷാതട്ടിപ്പ് : മുഖ്യപ്രതി പിടിയിൽ
Wednesday, May 4, 2016 12:08 PM IST
ന്യൂഡൽഹി: മധ്യപ്രദേശ് പ്രഫഷണൽ എക്സാമിനേഷൻ ബോർഡ് (വ്യാപം) പരീക്ഷാ തട്ടിപ്പുകേസിലെ മുഖ്യപ്രതി രമേശ് ശിവ്ഹരെയെ സിബിഐയും ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സും ചേർന്നു കാൺപുരിൽനിന്നു പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ മൂന്നുവർഷമായി ഒളിവിലായിരുന്നു.

കാൺപുരിലെ കല്യാൺപുരിലുള്ള വികാസ് കോളനിയിൽനിന്നാണ് ഇയാൾ പിടിയിലായതെന്ന് ഉത്തർപ്രദേശ് ഡിജിപി ജാവീദ് അഹമ്മദ് പറഞ്ഞു. വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് ഇയാൾക്കെതിരേയുള്ളത്. കാൺപുരിൽ ഇയാൾ പരീക്ഷാ പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. കോടതി നടപടികൾ പൂർത്തിയാക്കി ശിവ്ഹരെയെ പോലീസ് ഇന്നലെ ഭോപ്പാലിലേക്കു കൊണ്ടുപോയി. ശിവ്ഹരെയുടെ ഭാര്യ അൻഷു മഹോബ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.

വ്യാപം നടത്തുന്ന പരീക്ഷകളിൽ ഉദ്യോഗാർഥികൾക്കുവേണ്ടി വ്യാജന്മാരെ എത്തിച്ചിരുന്നതു ശിവ്ഹരെയാണ്. ജിഎസ്വിഎം മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാണ് പരീക്ഷയെഴുതിയിരുന്നത്. ഇതിനായി ഇയാൾ കോടിക്കണക്കിനു രൂപയാണു പ്രതിഫലം പറ്റിയിരുന്നത്. ജൂണിയർ ഡോക്ടർമാർക്കും ഇതിന്റെ വിഹിതം കിട്ടിയിരുന്നു.

2014ൽ ശിവ്ഹരെ നല്കിയ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളിക്കളഞ്ഞു. ഇയാൾക്കൊപ്പം പരീക്ഷാത്തട്ടിപ്പിൽ പങ്കുണ്ടെന്നു വ്യക്‌തമായവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഉത്തർപ്രദേശ്, രാജസ്‌ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മെഡിക്കൽ, എൻജിനിയറിംഗ് കോളജുകളിൽ സീറ്റ് വില്പന നടത്തിയതുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ട്.


സർക്കാർ ഉദ്യോഗങ്ങളിലേക്കു മധ്യപ്രദേശ് സർക്കാർ നടത്തുന്ന പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇതുവരെ 2000 പേരാണ് അറസ്റ്റിലായത്. ഉത്തരക്കടലാസുകൾ വിതരണം ചെയ്തും ആൾമാറാട്ടം നടത്തിയും ഉദ്യോഗാർഥികളുടെ സീറ്റുകൾ പരസ്പരം മാറ്റിയുമാണ് തട്ടിപ്പു നടത്തിയിരുന്നത്. 2012 മുതലുള്ള ക്രമക്കേടിനെക്കു റിച്ചാണു സിബിഐ അന്വേഷിക്കുന്നത്.

ഇക്കാലയളവിൽ കേസിലെ പ്രതികളുൾപ്പെടെ അൻപതിലേറെപ്പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ട് 153 എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. എന്നാൽ, കേസ് അന്വേഷണം മധ്യപ്രദേശിനു പുറത്തേക്കു വ്യാപിച്ചതോടെ സിബിഐക്കു കേസ് അന്വേഷണം വെല്ലുവിളിയായി. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കാനുള്ള താമസമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിപ്പിക്കുന്നതെന്ന് സുപ്രീംകോടതിയിൽ കഴിഞ്ഞ മാസം സിബിഐ ബോധിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.