യു.കെ.എസ്. ചൗഹാൻ നിര്യാതനായി
യു.കെ.എസ്. ചൗഹാൻ നിര്യാതനായി
Wednesday, May 4, 2016 12:19 PM IST
ന്യൂഡൽഹി: കേരള ഹൗസ് മുൻ റെസിഡന്റ് കമ്മീഷണറും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ജോയിന്റ് സെക്രട്ടറിയുമായ യു.കെ.എസ്. ചൗഹാൻ നിര്യാതനായി. അർബുദ രോഗത്തിനു കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായിരുന്ന ചൗഹാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യകാരനും പരിഭാഷകനുമായിരുന്നു.

മൃതദേഹം ചാണക്യപുരിയിലെ വസതിയിൽ പൊതുദർശനത്തിന് വച്ചതിനുശേഷം ഇന്നു രാവിലെ സ്വദേശമായ ലക്നോവിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവർക്കു വേണ്ടിയും, കേരള ഹൗസിന് വേണ്ടിയും റസിഡന്റ് കമ്മീഷണർ ഗ്യാനേഷ് കുമാർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. ഉഷ ടൈറ്റസ് എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.


ഡൽഹിയിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥർ, കേരള ഹൗസ് കൺട്രോളർ ബി. ഗോപകുമാർ, പ്രോട്ടോകോൾ ഓഫീസർ എസ്. വിശ്വനാഥൻ പിള്ള, അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസർ കെ.ജെ. ജോസഫ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മലയാളത്തിൽനിന്നും ഒട്ടേറെ പ്രമുഖ കൃതികൾ ഹിന്ദിയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 5.45നു റസിഡന്റ് കമ്മീഷണറുടെ അധ്യക്ഷതയിൽ കേരള ഹൗസ് കോൺഫറൻസ് ഹാളിൽ അനുശോചന യോഗം ചേരും. ഭാര്യ: നന്ദിത. മക്കൾ: മൻപ്രിയ, സുഹാനി, അഥർവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.