ബംഗാളിൽ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ്: കന്നിവോട്ടിനായി നൂറ്റിമൂന്നുകാരൻ
ബംഗാളിൽ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ്:  കന്നിവോട്ടിനായി നൂറ്റിമൂന്നുകാരൻ
Wednesday, May 4, 2016 12:50 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഇന്നു നടക്കുന്ന ആറാംഘട്ട തെരഞ്ഞെടുപ്പിൽ 58 ലക്ഷം ആളുകൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്.

ഇതാദ്യമായി കൂച്ച് ബിഹാറിലെ അതിർത്തി ഗ്രാമത്തിലുള്ളവർക്കു ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള അവസരവും ഇന്നത്തെ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നതും ശ്രദ്ധേയം. ബംഗ്ലാദേശുമായുള്ള ധാരണപ്രകാരം കുറച്ച് അതിർത്തിഗ്രാമങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യയുടെ ഭാഗമാക്കിയിരുന്നു. 9,776 വോട്ടർമാരാണ് ഇവിടെയുള്ളത്. അതിൽ 103 വയസുള്ള അസ്ഗർ അലിയാണ് ഏറ്റവും പ്രായമുള്ള വോട്ടർ. അസ്ഗറിന്റെ കന്നിവോട്ടാണിതെന്നതാണ് മറ്റൊരു വസ്തുത.


രണ്ട് ജില്ലകളിലായി 25 മണ്ഡലങ്ങളിലേക്കാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. 6,774 പോളിംഗ് ബൂത്തുകളാണുള്ളത്. വോട്ടിംഗിന് എത്തുന്നതിൽ 27.8 ലക്ഷം വനിതകളാണ്. 18 വനിതകൾ അടക്കം 170 സ്‌ഥാനാർഥികളാണ് ജനഹിതത്തിനായി മത്സരരംഗത്തുള്ളത്. ശക്‌തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പായതിനാൽ വോട്ടിംഗ് സമയത്തും ശേഷവുമുള്ള അക്രമങ്ങൾ തടയാൻ ഇലക്ഷൻ കമ്മീഷൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.