മോദിയുടെ ബിരുദം: ഡൽഹി സർവകലാശാലാ വൈസ് ചാൻസലർക്കു കേജരിവാളിന്റെ കത്ത്
മോദിയുടെ ബിരുദം: ഡൽഹി സർവകലാശാലാ വൈസ് ചാൻസലർക്കു കേജരിവാളിന്റെ കത്ത്
Thursday, May 5, 2016 12:14 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിശദ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഡൽഹി സർവകലാശാലാ വൈസ് ചാൻസലർക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കത്തയച്ചു. നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകൾ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും കേജരിവാൾ വൈസ് ചാൻസലർ യോഗേഷ് ത്യാഗിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും കേജരിവാൾ കത്തിൽ വ്യക്‌തമാക്കി.

നരേന്ദ്ര മോദിയുടെ ബിരുദ രേഖകൾ കാണിക്കാൻ ഡൽഹി സർവകലാശാല വിസമ്മതിക്കുകയാണ്. മോദി ഡൽഹി സർവകലാശാലയിൽനിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്നും കേജരിവാൾ കഴിഞ്ഞ ദിവസം ട്വിറ്ററിൽ വ്യക്‌തമാക്കിയിരുന്നു. ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിെൻറ ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കേജരിവാൾ ആരോപിച്ചത്.


നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിൽ, 62.3 ശതമാനം മാർക്കോടെ എംഎ പാസായിട്ടുണ്ടെന്നു ഗുജറാത്ത് സർവകലാശാല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ചു ഡൽഹി സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു നൽകിയ സത്യവാങ്മൂലത്തിൽ നരേന്ദ്ര മോദി താൻ ഡൽഹി സർവകലാശാലയിൽനിന്നു ബിഎയും ഗുജറാത്ത് സർവകലാശാലയിൽനിന്ന് എംഎയും പാസായതായി ബോധിപ്പിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.