നിരാഹാരസമരം ചെയ്യുന്ന കനയ്യ കുമാറിനെ ആശുപത്രിയിലേക്കു മാറ്റി
നിരാഹാരസമരം ചെയ്യുന്ന കനയ്യ കുമാറിനെ ആശുപത്രിയിലേക്കു മാറ്റി
Thursday, May 5, 2016 12:14 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിരാഹാരം സമരത്തിലായിരുന്ന കനയ്യ കുമാറിന്റെ ആരോഗ്യസ്‌ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. കനയ്യ ഉൾപ്പെടെ മറ്റു വിദ്യാർഥി നേതാക്കൾക്കെതിരേ സർവകലാശാല അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണു വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചത്. കനയ്യക്കു പുറമേ നിരാഹാരമിരിക്കുന്ന മറ്റു വിദ്യാർഥികളുടെയും ആരോഗ്യനില ദിനംപ്രതി മോശം അവസ്‌ഥയിലാണ്. ഇതിൽ അഞ്ചു വിദ്യാർഥികൾ കൂടി ആരോഗ്യാവസ്‌ഥ മോശമായതിനെത്തുടർന്നു സമരത്തിൽനിന്നും പിൻവാങ്ങിയിട്ടുണ്ട്. കനയ്യയുടെ രക്‌തസമ്മർദം ഏറെ താഴ്ന്ന നിലയിലാണുള്ളത്.

കനയ്യയുടെ ആരോഗ്യനില വളരെ മോശം അവസ്‌ഥയിലാണെന്നും അബോധാവസ്‌ഥയിലാണ് പലപ്പോഴുമെന്നും അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കു തകരാറു സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും കനയ്യയുടെ സുഹൃത്തായ ഉമർ ഖാലിദ് പറഞ്ഞു. ഇതേ അവസ്‌ഥ തുടരുകയാണെങ്കിൽ ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതിനാൽ രക്‌തം ഛർദ്ദിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും ഉമർ ഖാലിദ് പറഞ്ഞു. എന്നാൽ, ഡോക്ടർമാരുടെ മുന്നറിയിപ്പു വകവയ്ക്കാതെ സമരം തുടരാനായിരുന്നു കനയ്യ കുമാറിന്റെ തീരുമാനം. ഇന്നലെ രാവിലെ മുതൽ അമിത തളർച്ചയും ക്ഷീണവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണു കനയ്യ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


കാമ്പസിൽ അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാറടക്കം 20 വിദ്യാർഥികൾക്കു നേരേയാണു സർവകലാശാലാ അധികൃതർ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28 മുതൽ എട്ടു ദിവസമായി വിദ്യാർഥികൾ നിരാഹാര സമരം തുടരുകയാണ്. തങ്ങൾക്കെതിരേ സ്വീകരിച്ചിരിക്കുന്ന നടപടി പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നാണ് വിദ്യാർഥികളുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.