ഇപ്പോഴും ആവശ്യത്തിലധികം റബർ ഇറക്കുമതി
ഇപ്പോഴും ആവശ്യത്തിലധികം റബർ ഇറക്കുമതി
Thursday, May 5, 2016 12:14 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ആവശ്യത്തിലധികം റബർ ഇപ്പോഴും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുവെന്നു കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. റബർ ഉത്പാദനവും വിലയും കുത്തനെ ഇടിയുമ്പോഴും പതിവായി കൂടുതൽ റബർ ഇറക്കുമതി ചെയ്തും മിച്ചം സ്റ്റോക്ക് ചെയ്തുമാണു വില വീണ്ടും താഴ്ത്തുന്നതെന്നു പാർലമെന്ററി സമിതിക്കു വാണിജ്യമന്ത്രാലയം നൽകിയ നടപടി റിപ്പോർട്ടിൽ പറയുന്നു. 2014–15ൽ 2,52,000 ടൺ റബർ രാജ്യത്ത് ക്ലോസിംഗ് സ്റ്റോക്ക് ഉണ്ടായിരുന്നെന്നും സർക്കാർ സമ്മതിച്ചു.

ആവശ്യവും കൃത്യമായ ഉപഭോഗവും കണക്കാക്കി ആഭ്യന്തര ഉത്പാദനവുമായുള്ള വ്യത്യാസം വരുന്ന അത്രയും റബർ മാത്രമേ ഇറക്കുമതി ചെയ്യാൻ അനുവദിക്കാവൂ എന്നു വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള 31 എംപിമാർ ഉൾപ്പെടുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ രേഖാമൂലമുള്ള ശിപാർശ മറികടന്നാണ് ആവശ്യത്തിൽ കൂടുതൽ റബർ ഇറക്കുമതി അനുവദിക്കുന്നത്. ഉത്പാദനം കൂടുതലുള്ള സീസണിൽ ആഭ്യന്തര വിപണിയിൽ സമ്മർദം ഉണ്ടാക്കാത്ത രീതിയിലും ഗുണനിലവാരം ഉറപ്പാക്കിയും പ്രത്യേകം തെരഞ്ഞെടുത്ത തുറമുഖങ്ങളിലൂടെ മാത്രം ഇറക്കുമതി നിയന്ത്രിക്കണമെന്ന പാർലമെന്ററി സമിതിയുടെ നിർദേശം സർക്കാരിന്റെ നടപടി റിപ്പോർട്ടിൽ പാടേ അവഗണിക്കുകയും ചെയ്തു.

റബർ കർഷകരോടു കേന്ദ്രസർക്കാരിന്റെ ചിറ്റമ്മനയത്തിലും വ്യക്‌തമായ മറുപടി നൽകാത്തതിലും ബിജെപി നേതാവ് ചന്ദൻ മിത്ര അധ്യക്ഷനും കേരളത്തിൽനിന്നുള്ള വയലാർ രവിയും ജോയി ഏബ്രഹാമും അംഗങ്ങളുമായുള്ള സമിതി രോഷവും പ്രതിഷേധവും മറച്ചുവച്ചില്ല.

സമിതി റിപ്പോർട്ടിലെ മൂന്നാം അധ്യായത്തിലുള്ള ഇറക്കുമതി നിയന്ത്രണം അടക്കമുള്ള ഏറ്റവും പ്രധാനപ്പെട്ട ശിപാർശകളിന്മേലാണു കേന്ദ്രസർക്കാരിന്റെ കള്ളക്കളി. സർക്കാർ വൈകി നൽകിയ നടപടി റിപ്പോർട്ടിലെ നിരവധി കാര്യങ്ങൾ അംഗീകരിക്കാൻ പാർലമെന്ററി സമിതി വിസമ്മതിച്ചിരിക്കുകയാണ്. വ്യക്‌തതയില്ലാതെയോ മറുപടി പറയാതെ തടിതപ്പുകയോ ചെയ്ത മൂന്നാം അധ്യായത്തിലെ മാത്രം 12 കാര്യങ്ങളിൽ വാണിജ്യമന്ത്രാലയത്തോടു വീണ്ടും വിശദീകരണം തേടിയിരിക്കുകയാണെന്നു സമിതി അംഗം ജോയി ഏബ്രഹാം പറഞ്ഞു.


റബർ ഇറക്കുമതിയുടെ അളവും സമയവും ആഭ്യന്തരവിപണിയിലെ വിലയെ ബാധിക്കുമെന്നു റിപ്പോർട്ടിൽ സർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാൽ, 2014–15ൽ രാജ്യത്ത് തീരുവ നൽകിയുള്ള സ്വാഭാവിക റബർ ഇറക്കുമതിയിൽ മൊത്തം ഇറക്കുമതിയുടെ 77 ശതമാനത്തിലെത്തിയെന്നാണു റിപ്പോർട്ടിലുള്ളത്. 2010–11ൽ 1,90,692 ടണ്ണും 2011–12ൽ 2,14,433 ടണ്ണും 2012–13ൽ 2,62,753 ടണ്ണും സ്വാഭാവിക റബർ ഇറക്കുമതി ചെയ്ത സ്‌ഥാനത്ത് 2014–15ൽ 4,42,130 ടണ്ണും തലേവർഷം 3,60,263 ടണ്ണുമായി ഇറക്കുമതി കുത്തനെ കൂടി.

ഇറക്കുമതി കൂടുമ്പോഴും റബർ വിലയിടിവിനു വേറെ ന്യായങ്ങളും കാരണങ്ങളും വിശദീകരിക്കുന്നതിൽ പ്രത്യേക താത്പര്യവും മന്ത്രാലയം പ്രകടമാക്കി. ചൈനയുടെ സാമ്പത്തിക കിതപ്പു മുതൽ അമേരിക്കയുടെയും യൂറോപ്പിന്റെയും ചൈനയുടെയും റബർ ഉപയോഗത്തിലെ കുറവു വരെ പല കാരണങ്ങളാണു നിരത്തുന്നത്.

ആവശ്യത്തിലധികം റബർ ഇറക്കുമതി ചെയ്തു സ്റ്റോക്കു ചെയ്യുന്നതിനെ നടപടി റിപ്പോർട്ടിൽ കേന്ദ്രസർക്കാർ ന്യായീകരിക്കുകയാണെന്നതും ശ്രദ്ധേയമാണ്. റബർ ഇറക്കുമതി കൂടുമ്പോഴും കഴിഞ്ഞ അഞ്ചു വർഷത്തെ ക്ലോസിംഗ് സ്റ്റോക്കിൽ 40,710 ടണ്ണിന്റെ വർധനയേ ഉള്ളൂവെന്നാണു വാണിജ്യമന്ത്രാലയം പറയുന്നത്. 2009–10ൽ 2,11,290 ആയിരുന്ന ക്ലോസിംഗ് സ്റ്റോക്ക് 2014–15ൽ 2,52,000 ടണ്ണായി ഉയർന്നതായി എടിആറിൽ വ്യക്‌തമാക്കി.

റബറിന്റെ ആഭ്യന്തര ഉപഭോഗം കൂടുമ്പോഴും ഉത്പാദനം ക്രമമായി കുറയുകയും ഇറക്കുമതി കുത്തനെ കൂടുകയുമാണെന്നു സർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

<ആ>റബർ ഉത്പാദന–ഉപയോഗ കണക്ക്

വർഷം, ഉത്പാദനം, ഉപയോഗം, ഇറക്കുമതി, കയറ്റുമതി (ടൺ) എന്ന ക്രമത്തിൽ:

2009–10 8,31,4009,30,5651,77,13025,090
2010–11 8,61,9509,47,7151,90,69229,851
2011–129,03,7009,64,4152,14,43327,145
2012–139,13,7009,72,7052,62,75330,594
2013–147,74,0009,81,5203,60,263 5,398
2014–156,45,00010,20,9104,42,130 1,002
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.