ബ്രസൽസ്: പരിക്കേറ്റ ഇന്ത്യക്കാരി നാട്ടിലെത്തി
Friday, May 6, 2016 12:11 PM IST
മുംബൈ: ബ്രസൽസിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെറ്റ്എയർവെയ്സ് ജീവനക്കാരി നാട്ടിൽ തിരിച്ചെത്തി. മാർച്ച് 22നു ബ്രസൽസ് വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ പരിക്കേറ്റ മുംബൈ സ്വദേശിനി നിഥി ചാപേഖർ ഇന്നലെ രാവിലെയാണു ഫ്രാൻസിലെ പാരീസിൽനിന്നു ജെറ്റ്എയർവെയ്സ് വിമാനത്തിൽ മുംബൈയിലെത്തിയത്. ഭീകരർ നടത്തിയ സ്ഫോടനത്തിൽ നാല്പത്തിരണ്ടുകാരിയായ നിഥിക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. പ്രതിരോധശേഷി മോശമായ അവസ്‌ഥയിലായതിനാൽ മുംബൈയിൽ എത്തിയ ഉടൻതന്നെ ബ്രീച്ച്കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിമാനക്കമ്പനി അറിയിച്ചു. വീൽചെയറിന്റെ സഹായത്തോടെയാണു നിഥി ഇപ്പോഴും സഞ്ചരിക്കുന്നത്. ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഭർത്താവ് രൂപേഷും നിഥിക്കൊപ്പമുണ്ടായിരുന്നു.


ബ്രസൽസിലെ മാൽബീക്ക് മെട്രോസ്റ്റേഷനിലും വിമാനത്താവളത്തിലുമുണ്ടായ മൂന്നു സ്ഫോടനങ്ങളിൽ മൂന്നു ചാവേറുകൾ ഉൾപ്പെടെ 35 പേരാണു കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.