മല്യയുടെ കടത്തിനു യുപി കർഷകനു ശിക്ഷ!
മല്യയുടെ കടത്തിനു യുപി കർഷകനു ശിക്ഷ!
Saturday, May 21, 2016 12:36 PM IST
ന്യൂഡൽഹി: 9000 കോടിയുടെ ബാധ്യത വരുത്തിവച്ച വിജയ് മല്യയുടെ വായ്പയ്ക്ക് ജാമ്യം നിന്നെന്നു പറഞ്ഞ് ഉത്തർപ്രദേശിലെ കർഷകന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പിലിഭിത് ജില്ലയിലെ ഖജൂരിയയിലുള്ള ഒരു മൻമോഹൻ സിംഗിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഒന്നിൽ 4000 രൂപയും അടുത്തതിൽ 1217 രൂപയുമാണുള്ളത്.

ജീവിതത്തിലൊരിക്കലും മല്യയെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല മൻമോഹൻസിംഗ്. പഞ്ചാബിൽനിന്നു യുപിയിലേക്കു കുടിയേറിയ ഇയാൾക്കുള്ളത് എട്ട് ഏക്കർ നിലം. വർഷം പരമാവധി മൂന്നുലക്ഷം രൂപ വരുമാനം. രണ്ടുവർഷം മുൻപ് മകന്റെ വിവാഹം പ്രമാണിച്ചു ബാങ്ക് ഓഫ് ബറോഡയിൽനിന്നു നാലുലക്ഷം രൂപ വായ്പയെടുത്തത് ഈയിടെ അടച്ചുതീർത്തിരുന്നു. അതുകഴിഞ്ഞപ്പോഴാണ് ബാങ്കിന്റെ മരവിപ്പിക്കൽ നോട്ടീസ്.


ശാഖാ മാനേജരെ സമീപിച്ചപ്പോൾ മുംബൈ ശാഖക്കാർ ആവശ്യപ്പെട്ടിട്ടാണു മരവിപ്പിച്ചതെന്നായിരുന്നു മറുപടി. മല്യയുടെ ഗാരന്റർ ആയി പേരു കണ്ടതിനാലാണെന്നു ന്യായവും.

മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിൽ സ്വതന്ത്ര ഡയറക്ടറായി ഒരു മൻമോഹൻസിംഗ് കപൂർ ഉണ്ടായിരുന്നു. വിജയ ബാങ്കിന്റെ മുൻ ചെയർമാനും എഡിയുമാണ് അദ്ദേഹം. ആ മൻമോഹനു പകരമാണോ പിലിഭിതിലെ കർഷകനെ പിടിച്ചതെന്നറിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.