വി.എസിനെ വേലിക്കകത്തുതന്നെ നിർത്താൻ സിപിഎം ശ്രമം
വി.എസിനെ വേലിക്കകത്തുതന്നെ നിർത്താൻ സിപിഎം ശ്രമം
Saturday, May 21, 2016 1:38 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും വി.എസ്. അച്യുതാനന്ദന്റെ അനുഭവവും കഴിവും പരമാവധി പ്രയോജനപ്പെടുത്തി വേലിക്കകത്തു തന്നെ നിർത്താൻ സിപിഎം ശ്രമം തുടങ്ങി. പ്രചാരണത്തിൽ വി.എസിനെ മുന്നിൽ നിർത്തുകയും തെരഞ്ഞെടുപ്പിനുശേഷം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തതിനു പിന്നാലെയാണു വി.എസിന്റെ കഴിവും അനുഭവ സമ്പത്തും പാർട്ടി പ്രയോജനപ്പെടുത്തുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്. സത്യപ്രതിജ്‌ഞ ചടങ്ങിന് യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ 25നു തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അപ്പോൾ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കും.

വി.എസിന്റെ അനുഭവസമ്പത്തു മുഴുവൻ പ്രയോജനപ്പെടുത്താനാകുന്ന പദവി നൽകുമെന്നും ഇക്കാര്യത്തിൽ സംസ്‌ഥാന മന്ത്രിസഭ തീരുമാനമെടുക്കുമെന്നുമാണു യെച്ചൂരി പറഞ്ഞത്. പിണറായി വിജയനെ മുഖ്യമന്ത്രി ആയി തീരുമാനിച്ചതിനു പിന്നാലെ വി.എസ് കേരളത്തിലെ ഫിഡൽ കാസ്ട്രോയും പാർട്ടിയിലെ പടക്കുതിരയുമാണെന്ന വാഴ്ത്തലുകൾ യെച്ചൂരി ഇന്നലെ ഡൽഹിയിലും ആവർത്തിച്ചു. തനിക്ക് അധികാരമോഹമില്ലെന്നും അധികാര സ്‌ഥാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വി.എസ് തന്നെ വ്യക്‌തമാക്കിയിരിക്കേ ഇനിയൊരു പദവി വച്ചു നീട്ടിയാൽ സ്വീകരിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

കേരളത്തിലെ കടുത്ത ചൂടിനെ അവഗണിച്ചാണ് വി.എസ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കിറങ്ങിയത്. അദ്ദേഹത്തിന്റെ അനുഭവ പരിചയം മുഴുവൻ പ്രയോജനപ്പെടുത്താനുതകുന്ന പദവി നൽകും. മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമാണ് യെച്ചൂരി ഇന്നലെ പറഞ്ഞത്. ഇടതുമുന്നണി സർക്കാരിന്റെ ഉപദേശകനായി വി.എസ് എന്നുമുണ്ടാകുമെന്നും യെച്ചൂരി വ്യക്‌തമാക്കി.


പുതിയൊരു പദവി സ്വീകരിക്കണമെന്നു യെച്ചൂരി നിർബന്ധിച്ചാൽ വി.എസ് തള്ളിക്കളയില്ലെന്നാണു പാർട്ടിയുടെ പ്രതീക്ഷ. പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം വി.എസ് അംഗീകരിച്ചതിന് പിന്നിൽ യെച്ചൂരിയുടെ ഇടപെടലുണ്ട്. എന്നാൽ, വി.എസിനു എന്തെങ്കിലും പദവി നൽകുമോ എന്ന കാര്യം പാർട്ടി ഇന്നലെ ഔദ്യോഗികമായി ചർച്ചയ്ക്കെടുത്തിരുന്നില്ല. സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ വി.എസിനെ സംസ്‌ഥാന സർക്കാരിന്റെ ഉപദേശകനാക്കി നിർത്താനാണു സാധ്യത.

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടിക്കുള്ളിൽ ധാരണയുണ്ടായിരുന്നെന്നാണ് ഇപ്പോൾ സിപിഎം കേന്ദ്ര നേതാക്കൾ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി പദത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ ചർച്ചകളില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം മാത്രം അക്കാര്യം ചർച്ച ചെയ്യുമെന്നുമായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്.

വി.എസിനെ വീണ്ടും പോളിറ്റ് ബ്യൂറോയിലെക്കെടുത്തേക്കില്ലെന്നാണ് ഇപ്പോൾ കേന്ദ്ര നേതാക്കളിൽനിന്നു ലഭിക്കുന്ന സൂചന. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവ് മാത്രമാണ് ഇപ്പോൾ വി.എസ്. കേന്ദ്ര കമ്മിറ്റിയിലെ സ്‌ഥിരാംഗത്തെ മാത്രമേ പോളിറ്റ് ബ്യൂറോയിലെടുക്കൂ എന്നതു വി.എസിനു വേണ്ടി മറികടക്കില്ലെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.