സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയെടുത്ത രണ്ട് നൈജീരിയക്കാർ അറസ്റ്റിൽ
Sunday, May 22, 2016 12:27 PM IST
ന്യൂഡൽഹി: സ്ത്രീകളെ വഞ്ചിച്ച് ആയിരക്കണക്കിനു രൂപ തട്ടിയെടുത്ത രണ്ടു നൈജീരിയക്കാർ അറസ്റ്റിൽ. ഒസോഇമേന, എക്വെൻസ് ഫ്രൈഡേ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയും ഇമെയിലിലൂടെയുമാണ് ഇവർ സ്ത്രീകളെ വശത്താക്കിയിരുന്നത്. വിവാഹം നടത്തിക്കൊടുക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

അമേരിക്കൻ യുവാവുമായി വിവാഹം ഉറപ്പിച്ചതായി തെറ്റിദ്ധരിപ്പിച്ച പ്രതികൾ മുംബൈ സ്വദേശിയായ യുവതിയോടു ബാങ്ക് അക്കൗണ്ടിലേക്ക് 42,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പട്ടു.

അവർ അത് അക്കൗണ്ടിൽ അടയ്ക്കുകയും ചെയ്തു. വരന് യുഎസിൽനിന്നു സ്പെയിനിലേക്കു പോകണമെന്നും അതിനുമുമ്പ് വിലകൂടിയ സമ്മാനം പാഴ്സലായി അയയ്ക്കുമെന്നും പ്രതികൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. 2014 ഒക്ടോബറിലാണ് യുഎസ് പൗരന്റെ വിവാഹ ആലോചന നൈജീരിയക്കാർ നടത്തിയത്.


വിദേശത്തുനിന്ന് അയയ്ക്കുന്ന സമ്മാനത്തിനുള്ള കസ്റ്റംസ് തീരുവ അടയ്ക്കുണമെന്നു പറഞ്ഞാണ് തുക ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം അടച്ചശേഷം വീണ്ടും 1.80ലക്ഷം രൂപകൂടി വേണമെന്നു പറഞ്ഞപ്പോഴാണ് യുവതിക്കു സംശയം തോന്നിയതും പോലീസിൽ അറിയിച്ചതും.

സമൂഹമാധ്യമം വഴി അവിവാഹിതരായ യുവതികളുടെ വിശദാംശങ്ങൾ ശേഖരിച്ചശേഷം അവരെ വലയിൽ കുടുക്കുകയാണ് പ്രതികളുടെ രീതിയെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.