സിപിഎം ആക്രമണം: ബിജെപി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
സിപിഎം ആക്രമണം: ബിജെപി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
Sunday, May 22, 2016 12:36 PM IST
ന്യൂഡൽഹി: കേരളത്തിലെ സിപിഎം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിമാർ ഉൾപ്പെട്ട ബിജെപി സംഘം രാഷ്ട്രപതി പ്രണാബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തി. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ അത്യന്തം രൂക്ഷമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ സംസ്‌ഥാന വ്യാപകമായി സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടണമെന്നും ബിജെപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

സംസ്‌ഥാനത്തോടു റിപ്പോർട്ട് തേടുമെന്നു പ്രണാബ് മുഖർജി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന ചീഫ് സെക്രട്ടറിയോട് അക്രമസംഭവങ്ങളെപ്പറ്റി ഇതിനകം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, ജെ.പി നഡ്ഡ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ സന്ദർശിച്ചു നിവേദനം നൽകിയത്. സിപിഎം അക്രമങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും രാഷ്ട്രപതിക്കു കൈമാറിയിട്ടുണ്ട്. നൂറോളം വീടുകൾ ആക്രമിക്കപ്പെടുകയും അറുപതിലധികം പ്രവർത്തകർക്കു ക്രൂരമായ മർദനമേൽക്കുകയും ചെയ്ത സാഹചര്യം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നു രാഷ്ട്രപതി ഉറപ്പുനൽകിയെന്നും ഗഡ്കരി പറഞ്ഞു.


ബിജെപി–ആർഎസ്എസ് പ്രവർത്തകരെ അതിക്രൂരമായി ആക്രമിക്കുന്ന സിപിഎം നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നു കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. പിണറായി വിജയൻ സംസ്‌ഥാന മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ വലിയ സംഘർഷങ്ങളുടെ സൂചനയാണ് സിപിഎം നൽകുന്നത്. സമാധാനം ആഗ്രഹിക്കുന്ന ബിജെപിക്ക് അക്രമങ്ങളിലൂടെയാണ് സിപിഎം മറുപടി നൽകുന്നത്. പ്രതിപക്ഷ പാർട്ടികളെ ഇല്ലായ്മ ചെയ്യാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും കുമ്മനം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.