നീറ്റ്: ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിട്ടേക്കുമെന്നു പ്രതീക്ഷ
Monday, May 23, 2016 1:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നതിൽ ഇളവുകൾ നൽകാനുള്ള ഓർഡിനൻസിൽ രാഷ്ട്രപതി പ്രണാബ് മുഖർജി ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ഓർഡിനൻസിന്മേൽ രാഷ്ട്രപതി തേടിയ വിശദീകരണം നൽകിയതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുകയല്ല, നീറ്റ് പരീക്ഷ നടപ്പിലാക്കുന്നതിനൊപ്പം സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷകൾക്കും ഈ വർഷം സാധുത നൽകുകയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമാക്കുന്നതെന്നു ജെ.പി. നഡ്ഡ വിശദമാക്കിയതെന്നാണു സൂചന.

കൽപ്പിത സർവകലാശാലകളും സ്വകാര്യ കോളജുകളും അടക്കമുള്ള എല്ലാ മെഡിക്കൽ, ഡെന്റൽ കോളജുകളിലെയും പ്രവേശനത്തിനു നീറ്റ് മാത്രം ബാധകമാക്കിയ ഉത്തരവിൽ ഭാഗികമായ ഇളവുകൾ മാത്രമാണ് ഓർഡിനൻസിലൂടെ കൊണ്ടുവരുന്നതെന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്.

ഈവർഷം സർക്കാർ കോളജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ ക്വോട്ടകളിലേക്കുമുള്ള പ്രവേശനം സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാക്കാൻ ഓർഡിനൻസിലൂടെ ലക്ഷ്യമാക്കുന്നു.

സംസ്‌ഥാന ക്വോട്ടയിൽ 12 മുതൽ 15 ശതമാനം വരെ പ്രാദേശിക മുൻഗണന നൽകാറുണ്ട്. ഇതു കൂടാതെ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്കും അവസരം നൽകാറുണ്ട്. നീറ്റ് നടപ്പിലാക്കുമ്പോൾ ഇക്കാര്യങ്ങളിൽ സന്തുലനം ഉറപ്പാക്കാനാവില്ല.


എന്നാൽ, സ്വകാര്യ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയിലെയും കൽപ്പിത സർവകലാശാലയിലെയും പ്രവേശനം നീറ്റിന്റെ പരിധിയിലാക്കുമെന്നും ഇതു സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണെന്നും രാഷ്ട്രപതിയുമായി 30 മിനിറ്റ് നീണ്ട ചർച്ചയിൽ കേന്ദ്രമന്ത്രി വിശദമാക്കിയെന്നു ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തുന്നു. മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ പ്രവേശനത്തിനു ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഈ വർഷം മുതൽ നടപ്പിലാക്കണമെന്നു സുപ്രീം കോടതി മേയ് ഒമ്പതിനു ഉത്തരവിട്ടതിൽ ചില ഇളവുകൾ മാത്രമാണ് ഓർഡിനൻസിലൂടെ കൊണ്ടുവരുന്നത്. പ്രാദേശിക ഭാഷ ഉൾപ്പെടുത്തണമെന്ന സംസ്‌ഥാനങ്ങളുടെ ആവശ്യവും ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങൾ സംസ്‌ഥാന സർക്കാരുകളുമായി നടത്തിയ ചർച്ചയിലും സർവകക്ഷി യോഗത്തിലും ശക്‌തമായി ഉന്നയിച്ചിരുന്നു.

എന്നാൽ, ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരേ ആരോപണങ്ങളുയർന്നതോടെ രാഷ്ര്‌ടപതി ഇക്കാര്യത്തിൽ വിശദീകരണം തേടുകയായിരുന്നു. വിഷയത്തിൽ രാഷ്ര്‌ടപതി നിയമോപദേശവും തേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.