ബ്രെഡ് ആരോഗ്യത്തിനു ഹാനികരമെന്നു റിപ്പോർട്ട്
ബ്രെഡ് ആരോഗ്യത്തിനു ഹാനികരമെന്നു റിപ്പോർട്ട്
Monday, May 23, 2016 1:01 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: പതിവായി ബ്രെഡ് കഴിക്കുന്നവർ കാൻസർ രോഗികളായി മാറുമെന്നു പഠനറിപ്പോർട്ട്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മാരകമായ രാസവസ്തുക്കൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡുകളിൽ അടങ്ങിയിട്ടുണ്ടെന്നാണു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മാരക രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അപകടകരമായ വിധത്തിലുള്ള സാന്നിധ്യം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡുകളിൽ ഉണ്ടെന്നാണു സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ബ്രെഡിനു മാർദവം കിട്ടാനും മിനുസം തോന്നാനുമാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്.

ഡൽഹിയിൽ വിൽപ്പന നടത്തുന്ന ബ്രെഡുകൾ പരിശോധിച്ചതിൽ പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി. കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള രാസവസ്തുവായ പൊട്ടാസ്യം ബ്രോമേറ്റ് ഉള്ളിൽ ചെല്ലുന്നത് കാൻസറിനു കാരണമാകും. പല വിദേശരാജ്യങ്ങളിലും ഈ രാസവസ്തു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നിരോധിച്ചിട്ടുണ്ട്. തൈറോയിഡിലും മറ്റും കാൻസറിനു കാരണമാകുന്ന രാസവസ്തുവാണ് പൊട്ടാസ്യം അയോഡേറ്റ്. ഭക്ഷ്യവസ്തുക്കളിൽ ഈ രണ്ടു രാസ പദാർഥങ്ങളുടെയും സാന്നിധ്യം നിരോധിക്കണമെന്ന് സിഎസ്ഇ ശിപാർശ ചെയ്യുന്നു. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷാ അഥോറിറ്റി അടിയന്തരമായി ഇടപെട്ട് ഈ രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതു തടണമെന്നാണു ശിപാർശ.

വൈറ്റ് ബ്രെഡ്, പാവ്, ബണ്ണ്, പീസ, ബർഗർ തുടങ്ങിയ ഉത്പനങ്ങളാണ് സിഎസ്ഇ പരിശോധിച്ചത്. 24 ബ്രാൻഡുകളുള്ള ബ്രെഡുകളിൽ 19 എണ്ണത്തിലും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും 1.15–22.54 പിപിഎം(പാർട്സ് പെർ മില്യൺ) എന്ന അളവിൽ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ബ്രെഡ്, സാൻഡ്വിച്ച് ബ്രെഡ്, പാവ്, ബണ്ണ് എന്നിവയിലാണ് ഈ രാസവസ്തുക്കളുടെ സാന്നിധ്യം ഏറെയും കണ്ടെത്തിയിരിക്കുന്നത്. പെർഫക്ട് ബ്രെഡ്, ഹാർവെസ്റ്റ് ഗോൾഡ്, ബ്രിട്ടാനിയ തുടങ്ങിയ ബ്രാൻഡുകളുടെ ബ്രെഡിലാണ് ഉയർന്ന അളവിൽ രാസസാന്നിധ്യം കണ്ടെത്തിയത്. എന്നാൽ, രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്നാണു ബ്രിട്ടാനിയയുടെ വിശദീകരണം. കെഎഫ്സി, പീസ ഹട്ട്, ഡോമിനോസ്, സബ് വേ, മക്ഡൊണാൾഡ്സ് എന്നിവയുടെ ഉത്പന്നങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി. ഇതിൽ ഡോമിനോസ് ഒഴികെ മറ്റെല്ലാ ബ്രാൻഡുകളും രാസവസ്തുക്കളുടെ ഉപയോഗം നിഷേധിച്ചു.

ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളായ നിറൂലാസിന്റെയും സ്ലൈസ് ഓഫ് ഇറ്റലിയുടെയും ഉത്പ്പന്നങ്ങളിലും ഈ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സ്ലൈസ് ഓഫ് ഇറ്റലി ഇക്കാര്യം നിഷേധിച്ചു.

സിഎസ്സിഇയുടെ മലിനീകരണ നിരീക്ഷണ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡുകളിൽ ക്യാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. വിപണിയിൽ ലഭ്യമായ 38 ബ്രാൻഡ് ബ്രെഡുകൾ പരിശോധിച്ചതിൽ രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. പരിശോധിച്ചവയിൽ 84 ശതമാനം സാമ്പിളുകളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി. സിഎസ്ഇക്കു പുറത്തു മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിലും ബ്രെഡിൽ രാസവസ്തുക്കളുടെ സാന്നിധ്യം അപകടകരമായ അളവിൽ കണ്ടെത്തി. വ്യവസായികളും ശാസ്ത്രജ്‌ഞരുമായും ഇക്കാര്യം ചർച്ച ചെയ്തു. വിൽപ്പനയ്ക്കായി തയാറാക്കി വെച്ചിരിക്കുന്ന ബ്രെഡിൽ പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം ഉറപ്പിച്ചുവെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഭൂഷൺ വ്യക്‌തമാക്കി. ബ്രെഡ് ഉണ്ടാക്കുന്നിതിനായുള്ള മാവ് തയാറാക്കുമ്പോഴാണ് ഈ രാസവസ്തുക്കൾ ചേർക്കുന്നത്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഒട്ടുമിക്ക ബ്രാൻഡ് ബ്രെഡുകളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യമുണ്ടെന്നാണു ചന്ദ്ര ഭൂഷൺ വ്യക്‌തമാക്കുന്നത്.


പല ബ്രെഡ് കമ്പനികളും കവറിനു പുറത്ത് ഈ രാസവസ്തുവിന്റെ സാന്നിധ്യം രേഖപ്പെടുത്താറില്ല. സാൻഡ്വിച്ച് പോലുള്ള ഫാസ്റ്റ് ഫുഡുകളിലും ഇതു തിരിച്ചറിയാനുള്ള മാർഗമില്ല. പരിശോധനകൾക്കു സിഎസ്ഇ ബന്ധപ്പെട്ട പന്ത്രണ്ടു കമ്പനികളിൽ ആറെണ്ണം മാത്രമേ രാസവസ്തുക്കൾ ഉപയോഗിക്കുന്ന കാര്യം നിഷേധിച്ചിട്ടുള്ളൂ. ഒരു കമ്പനി തങ്ങളുടെ കവറിനു പുറത്ത് പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യം തുറന്നുപറഞ്ഞിട്ടുമുണ്ടെന്ന് സിഎസ്ഇയുടെ പ്രോഗ്രാം മാനേജർ അമിത് ഖുറാന പറഞ്ഞു.

<ആ>പൊട്ടാസ്യം ബ്രോമേറ്റ്

1989ൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ(ഐഎആർസി) നടത്തിയ പഠനത്തിൽ പൊട്ടാസ്യം ബ്രോമേറ്റ് കാൻസറിനു കാരണമാകുന്നുവെന്നു കണ്ടെത്തിയിരുന്നു. കിഡ്നിയിലും തൈറോയ്ഡിലും കാൻസർ ഉണ്ടാ ക്കുന്നതാണിതെന്നും പരീക്ഷണശാലയിലെ മൃഗങ്ങളിൽ ഉദരത്തിനുള്ളിലെ കാൻസറിനും ഇതു കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. കാൻസറിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി 1992ൽ ഭക്ഷ്യവസ്തുക്കളിൽ ഇതു ചേർക്കരുതെന്നു ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളിലെ ചേരുവകളെക്കുറിച്ചുള്ള വിദഗ്ധരുടെ സംയുക്‌ത സമിതിയാണ് ഈ നിർദേശം മുന്നോട്ടു വെച്ചത്. 1990ൽ യൂറോപ്യൻ യൂണിയൻ ഈ രാസവസ്തു നിരോധിച്ചിരുന്നു. തുടർന്ന് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ചൈന, ശ്രീലങ്ക, ബ്രസീൽ, നൈജീരിയ, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും ഇതിനു നിരോധനം ഏർപ്പെടുത്തി.

വിൽപ്പനയ്ക്കു തയാറായ ഭക്ഷ്യ ഉത്പന്നത്തിൽ ഈ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടാകരുതെന്നാണു കർശന നിർദേശമുള്ളത്. എന്നാൽ, ഇതു ലംഘിക്കപ്പെട്ടു തുടങ്ങിയതോടെയാണു പല രാജ്യങ്ങളിലും ഈ രാസവസ്തു നിരോധിക്കപ്പെട്ടത്. വയറുവേദന, വയറിളക്കം, ഛർദി, കേൾവിക്കുറവ്, വൃക്കക്ഷയം, തലകറക്കം, മൂത്രസംബന്ധമായ അസുഖങ്ങൾ, ഹൈപ്പർ ടെൻഷൻ, വിഷാദം, ഞരമ്പുകളെ ബാധിക്കുന്ന അസുഖങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസപദാർഥമാണ് പൊട്ടാസ്യം ബ്രോമേറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.