ആസാമിൽ സോനോവാൾ അധികാരമേറ്റു
ആസാമിൽ സോനോവാൾ  അധികാരമേറ്റു
Tuesday, May 24, 2016 12:09 PM IST
ഗോഹട്ടി: ആസാമിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സർബാനന്ദ സോനോവാൾ ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഘനപര വെറ്ററിനറി കോളജ് മൈതാനത്തായിരുന്നു സത്യപ്രതിജ്‌ഞാ ചടങ്ങ്.

ആസാമിലെ 126 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 86 സീറ്റുകളാണ് ബിജെപി മുന്നണിക്കു ലഭിച്ചത്. ബിജെപിയുടെ ആറും ആസാം ഗണപരിഷത്ത്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് സഖ്യകക്ഷികളുടെ നാലും മന്ത്രിമാരാണ് ചുമതലയേറ്റത്.

സത്യപ്രതിജ്‌ഞാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ, രാജസ്‌ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ, ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ, യോഗാ ഗുരു ബാബ രാംദേവ് തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.


1992ൽ അഖില ആസാം വിദ്യാർഥി യൂണിയനിലൂടെയാണു സോനോവാൾ രാഷ്ട്രീയത്തിലെത്തിയത്. 2004ൽ ലഖിംപുരിൽനിന്നു ലോക്സഭയിലെത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി ഏഴ് സീറ്റിൽ വിജയിച്ചിരുന്നു. കേന്ദ്ര കായിക, യുവജന വകുപ്പ് മന്ത്രിയായിരുന്നു സോനോവാൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.