ഹൃദ്രോഗിയുമായെത്തിയ എയർ ആംബുലൻസ് പാടത്ത് ഇടിച്ചിറക്കി
ഹൃദ്രോഗിയുമായെത്തിയ എയർ ആംബുലൻസ് പാടത്ത് ഇടിച്ചിറക്കി
Tuesday, May 24, 2016 12:10 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാറ്റ്നയിൽനിന്നു ഹൃദ്രോഗിയുമായി വന്ന എയർ ആംബുലൻസ് എൻജിൻ തകരാറായതിനെത്തുടർന്ന് ഡൽഹിയിൽ പാടത്ത് ഇടിച്ചിറക്കി. പാറ്റ്നയിൽ നിന്നു ഡൽഹി വിമാനത്താവളം ലക്ഷ്യമാക്കി വന്ന വിമാനമാണു നജഫ്ഗഡിലെ ജനവാസകേന്ദ്രത്തോടു ചേർന്നുള്ള പാടത്ത് ഇടിച്ചിറക്കിയത്. അടിയന്തര ലാൻഡിംഗിനിടെ വിമാനത്തിലുണ്ടായിരുന്ന ഏഴു പേർക്കും പരിക്കേറ്റു.

ആൽക്കെമിസ്റ്റ് ഫാർമ കമ്പനിയുടെ സി–90 ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടേമുക്കാലോടെയായിരുന്നു അപകടം. തൃണമൂൽ കോൺഗ്രസ് എംപി കെ.ഡി. സിംഗിന്റെ ഉടമസ്‌ഥതയിലുള്ളതാണ് എയർ ആംബുലൻസ്. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് എയർ ട്രാഫിക് കൺട്രോളർ അന്വേഷണം നടത്തും.


ഡൽഹി വിമാനത്താവളത്തിന്റെ റൺവേ ലക്ഷ്യമാക്കി പറന്നിറങ്ങവേ വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒന്നിനു പുറകേ ഒന്നായി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. അപകടം ഒഴിവാക്കാനാണു പൈലറ്റ് വിമാനം പാടത്ത് ഇറക്കിയത്. പാറ്റ്നയിൽനിന്നുള്ള ഹൃദ്രോഗിയായ വീരേന്ദ്ര റായിയും ഡോക്ടറും ഉൾപ്പെട്ട സംഘമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വീരേന്ദർ റായിയെ ഉടൻ തന്നെ ഡൽഹി മെദാന്ത മെഡിസിറ്റിയിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.