ഭക്ഷണത്തിന്റെ പണം നൽകാതെ വ്യോമസേനാംഗങ്ങൾ മുങ്ങി
Wednesday, May 25, 2016 11:57 AM IST
ജൊർഹാത്(ആസാം): ബാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മാനേജരെയും വെയിറ്ററെയും മർദിച്ച് വ്യോമസേനാംഗങ്ങൾ മുങ്ങി. യൂണിഫോമിലല്ലാതെ ഏഴംഗ സേനാ സംഘം ഉച്ചകഴിഞ്ഞ് 2.30നാണ് ഹോട്ടലിൽ എത്തിയത്. ഭക്ഷിക്കാനും കുടിക്കാനുമുള്ളവ ആവശ്യപ്പെട്ട അവർക്ക് 4.30വരെ ഒരു വെയിറ്റർ ഇവയെല്ലാം നൽകി. എന്നാൽ, ഏഴുപേരിൽ നാലു പേർ നാലുമണിയോടെ പണം നൽകാതെ പുറത്തുപോയി. ഇതു ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ അവിടെ ഇരുന്ന മൂന്നു പേർക്ക് ബിൽ നൽകി. പണം നൽകാൻ തയാറല്ലാതിരുന്ന മൂന്നുപേരും ചേർന്ന് ബില്ലു കൊണ്ടുവന്ന വെയിറ്ററെയും ഹോട്ടൽ ഉടമയെയും മർദിച്ച് അവശരാക്കിയശേഷം പുറത്തേക്കുപോയി.


ഹോട്ടൽ ഉടമയുടെ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങൾ യഥാർഥമാണെന്ന് വ്യക്‌തമായി, വ്യോമസേനാംഗങ്ങളുടെ ബിൽതുക വ്യോമസേന അധികൃതർ നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.