ഭിന്നശേഷിയുള്ളവരെ ദിവ്യാംഗർ ആക്കാൻ കേന്ദ്രനീക്കം
Wednesday, May 25, 2016 12:04 PM IST
ന്യൂഡൽഹി: ഭിന്നശേഷിയുള്ളവരെ വികലാംഗർ എന്നു വിശേഷിപ്പിക്കുന്നതിനു പകരം ദിവ്യാംഗർ എന്ന് പറയാനും ഇതിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്താനും കേന്ദ്ര സർക്കാർ നീക്കം.

ഭിന്നശേഷിയുള്ളവരെ ദിവ്യാംഗർ എന്നു വിശേഷിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും മാസം മുമ്പു തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ നിർദേശിച്ചിരുന്നു. ഐക്യരാഷ്ര്‌ട സഭ അംഗീകരിച്ച പെഴ്സൺസ് വിത്ത് ഡിസെബിലിറ്റി എന്ന പ്രയോഗം തന്നെയാണ് ഇംഗ്ലീഷിൽ ഉപയോഗിക്കുക. നിലവിൽ ഒമ്പതു വിഭാഗം ആളുകളെയാണു വികലാംഗ പട്ടികയിൽ പെടുത്തിയിരുന്നത്.

ഇത് 17 ആക്കി ഉയർത്താനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രസാമൂഹിക ക്ഷേമ മന്ത്രി തവർചന്ദ് ഗെലോട്ട് പറഞ്ഞു. ശാരീരിക വ്യതിയാനങ്ങളുള്ള ആളുകളുടെ സാമൂഹിക സാമ്പത്തിക വികസനം മാത്രമല്ല ശാരീരിക മാനസിക ക്ഷേമം കൂടി സർക്കാർ ലക്ഷ്യമിടുന്നുണ്ട് എന്നും മന്ത്രി വ്യക്‌തമാക്കി. എന്നാൽ പ്രയോഗം മാറ്റാനുള്ള സർക്കാർ നീക്കത്തോടു വികലാംഗ അവകാശ പ്രവർത്തകർ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.


ശാരീരിക വ്യതിയാനങ്ങളുള്ള മനുഷ്യരോട് സർക്കാരും സഹജീവികളും പുലർത്തുന്ന മനോഭാവത്തിൽ മാറ്റം വരുത്താതെ പേരുമാറ്റ ഉത്തരവ് ഇറക്കുന്നത് ഗുണം ചെയ്യില്ലെന്നു വികലാംഗ അവകാശ പ്രവർത്തക സംഘടനാ ജനറൽ സെക്രട്ടറി എസ്. നമ്പുരാജൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.