കോംഗോയിൽ ഇന്ത്യക്കാർക്കുനേരെ ആക്രമണം, കടകൾ നശിപ്പിച്ചു
Thursday, May 26, 2016 12:32 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ വിദ്യാർഥിയായ കോംഗോ പൗരൻ വധിക്കപ്പെട്ടതിന്റെ പേരിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടന്ന പ്രതിഷേധം അക്രമാസക്‌തമായി. ഇന്ത്യക്കാരെ ആക്രമിച്ച ജനക്കൂട്ടം അവരുടെ കടകളും വില്പനയ്ക്കു വച്ചിരുന്ന വസ്തുക്കളും നശിപ്പിച്ചു. നിരവധി ഇന്ത്യക്കാർക്കു പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈമാസം 20നാണ് ഡൽഹിയിൽ കോംഗോ വിദ്യാർഥി കൊല്ലപ്പെട്ടത്.

വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇന്ത്യയിൽ പഠിക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്വം ഇന്ത്യ ഉറപ്പാക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ദശകങ്ങൾ മുമ്പേ കോംഗോയുമായി ഇന്ത്യ ആരംഭിച്ച സൗഹൃദം ഇപ്പോഴും തടസമില്ലാതെ തുടരുന്നതായി വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യ കോംഗോയിലെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോംഗോയെ രണ്ടാമത്തെ ജന്മനാടായി കാണുന്ന ഇന്ത്യക്കാരെ ആക്രമിക്കരുതെന്ന് കോംഗോ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ആന്റണി ബൊയാംബ ഒകോംബോ ജനങ്ങളോട് അഭ്യർഥിച്ചു.


കോംഗോ വിദ്യാർഥി എം.കെ. ഒളിവിയർ(23) ഡൽഹിയിലുള്ള താമസസ്‌ഥലത്തേക്കു പോകുന്നതിനിടെയാണ് നാലംഗസംഘവുമായി വാക്കുതർക്കമുണ്ടായതും തുടർന്ന്് ആക്രമിക്കപ്പെട്ടതും. വാക്കേറ്റം മൂത്ത് ഉന്തും തള്ളുമായി. സ്‌ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒളിവിയറിനെ പിന്നാലെയെത്തി അടിച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.