നേതാജിയെക്കുറിച്ചുള്ള കൂടുതൽ രേഖകൾ പുറത്തുവിട്ടു
നേതാജിയെക്കുറിച്ചുള്ള കൂടുതൽ രേഖകൾ പുറത്തുവിട്ടു
Friday, May 27, 2016 12:18 PM IST
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നാലാംഘട്ട ഫയലുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 25 ഫയലുകളാണ് ഓൺലൈനിലൂടെ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ിലമേഷശുമുലൃെ.ഴീ്.ശി എന്ന വെബൈസൈറ്റിലൂടെയാണ് രേഖകൾ പുറത്തുവിട്ടിരിക്കുന്നത്.

അഞ്ചു രേഖകൾ പ്രധാനമന്ത്രിയുടെ ഓഫീസും നാലെണ്ണം ആഭ്യന്തര മന്ത്രാലയവും 16 എണ്ണം വിദേശകാര്യ മന്ത്രാലയവുമാണു പ്രസിദ്ധപ്പെടുത്തിയത്. 1968 മുതലുള്ള രേഖകളാണു ലഭ്യമാക്കിയിരിക്കുന്നത്. നേരത്തെ 175 ഫയലുകൾ സർക്കാർ പുറത്തുവിട്ടിരുന്നു. 990 ഫയലുകളാണു നേതാജിയുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന്റെ പക്കലുള്ളത്.

1945 ഓഗസ്റ്റ് 18–ന് ബോസ് തായ്വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരിച്ചു എന്ന് സ്‌ഥിരീകരിച്ചു. എന്നാൽ, പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് സർക്കാർ തള്ളിക്കളഞ്ഞു. തുടർന്ന് 1999–ൽ വാജ്പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945–ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരിച്ചില്ലെന്നും കമ്മീഷൻ റിപ്പോർട്ട് നൽകി. ഇത് വിവാദമായതോടെ റിപ്പോർട്ട് മൻമോഹൻ സിംഗ് സർക്കാരും തള്ളി. ബോസിന്റേതെന്ന് അവകാശപ്പെട്ടു കേന്ദ്രസർക്കാർ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം ബോസിന്റേതല്ലെന്നും വാജ്പേയി സർക്കാർ നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്കു കടന്നിരിക്കാമെന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.


സോവ്യറ്റ് യൂണിയനിൽ വച്ചാണു നേതാജി മരിച്ചതെന്നും അത് സ്റ്റാലിന്റെ അറിവോടെയാണെന്ന ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നതോടെയാണ് വീണ്ടും വിവാദങ്ങൾ ആരംഭിച്ചത്. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്‌ഥാനമാക്കിയാണു സ്വാമി ആരോപണങ്ങളുമായി രംഗത്തെത്തിയത്. സോവ്യറ്റ് യൂണിയൻ പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ച് കൊല്ലുകയോ ചെയ്തെന്നായിരുന്നു ആരോപണം. ഇതിനെത്തുടർന്നുള്ള ദുരൂഹത നീക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസർക്കാർ രേഖകൾ പുറത്തുവിടാൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.