സിപിഎം പോളിറ്റ് ബ്യൂറോ യോഗം നാളെ മുതൽ
സിപിഎം പോളിറ്റ് ബ്യൂറോ യോഗം നാളെ മുതൽ
Friday, May 27, 2016 12:18 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം നാളെ ഡൽഹിയിൽ ആരംഭിക്കും. രണ്ടു ദിവസമാണു പിബി ചേരുന്നത്. പദവികൾ ആവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കൈമാറിയ കുറിപ്പും, കോൺഗ്രസുമായി സഖ്യം ചേർന്നിട്ടും പശ്ചിമബംഗാളിലേറ്റ കനത്ത പരാജയവും യോഗത്തിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കും.

വി.എസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾക്കു വിട്ടുവീഴ്ചയ്ക്കു തയാറായിരുന്ന സംസ്‌ഥാന ഘടകം, അദ്ദേഹത്തിന്റെ കുറിപ്പു വിവാദമായതോടെ നിലപാടു കടുപ്പിക്കാനാണു സാധ്യത. അതിനിടെ, പ്രകാശ് കാരാട്ട് പക്ഷവും നിലപാടു കടുപ്പിച്ചതോടെ മേധാവിത്വം നഷ്‌ടമായ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയും പുതിയ സാഹചര്യത്തിൽ വി.എസിനു ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മാത്രമല്ല, വി.എസിനെ എക്കാലത്തും പിന്തുണച്ചിരുന്ന ബംഗാൾ ഘടകവും തെരഞ്ഞെടുപ്പിലേറ്റ തോൽവിയോടെ നഷ്്ടപ്രതാപത്തിന്റെ അവസ്‌ഥയിലാണ്.


ഇന്നു ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനു പുറമേ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തും. സംസ്‌ഥാനത്തുനിന്നുള്ള മറ്റൊരു പിബി അംഗമായ എം.എ. ബേബി ഡൽഹിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബംഗാളിലെ തോൽവിയും കേരളത്തിലെ വിജയവും ഒപ്പം അധികാരത്തിൽനി ന്നു മാറ്റിനിർത്തപ്പെട്ട വി.എസിനെ അനുനയിപ്പിക്കാനുള്ള പദവിയുമായിരിക്കും പിബിയിലെ പ്രധാന ചർച്ചാവിഷയം.

പശ്ചിമബംഗാളിലെ കനത്ത തോൽവിയിൽ യെച്ചൂരിയെ മറുപക്ഷത്തിനു പ്രതിക്കൂട്ടിലാക്കാനാകും കാരാട്ട് പക്ഷത്തിന്റെ നീക്കം. എന്നാൽ, സംസ്‌ഥാന കമ്മിറ്റികൾ ചേർന്നു തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയശേഷം പിബിയിലും കേന്ദ്ര കമ്മിറ്റിയിലും ചർച്ച ചയ്യാമെന്ന നിലപാടിൽ താത്കാലിക രക്ഷ നേടാനായിരിക്കും യെച്ചൂരിയുടെ നീക്കം. അടുത്ത മാസം 18 മുതലാണു കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.