പിണറായി–മോദി കൂടിക്കാഴ്ച ഇന്ന്
പിണറായി–മോദി  കൂടിക്കാഴ്ച ഇന്ന്
Friday, May 27, 2016 12:18 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്‌ഥാന മുഖ്യമന്ത്രിയായ ചുമതലയേറ്റടുത്തശേഷം പിണറായി വിജയൻ ഇന്നു ഡൽഹിയിലെത്തും. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്ര–സംസ്‌ഥാന ബന്ധത്തിന്റെ അടുത്ത നിലയെന്തെന്നു രാഷ്ട്രീയലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതിനിടെയാണു പിണറായി വിജയന്റെ ഡൽഹി സന്ദർശനം. വൈകുന്നേരം 4.10നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.

രാവിലെ പതിനൊന്നോടെ ഡൽഹിയിലെത്തുന്ന പിണറായി വിജയൻ ആദ്യം ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെയും കാണും. വൈകുന്നേരം ആറിനു രാഷ്ട്രപതി പ്രണാബ് മുഖർജിയുമായുള്ള കൂടിക്കാഴ്ച.

നാളെ ആരംഭിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുത്തശേഷം പിണറായി തിങ്കളാഴ്ച കേരളത്തിലേക്കു മടങ്ങും. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു സമയം ആരാഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ നേരത്തേ വ്യക്‌തതയുണ്ടായിരുന്നില്ല

. ഡൽഹിയിലെ വിവിധ മലയാളി സാംസ്കാരിക സംഘടനകളും പിണറായി വിജയനു സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിക്കു കേരള ഹൗസ് ജീവനക്കാർ സ്വീകരണം നൽകും.

കേരളത്തിൽ സംഘപരിവാർ ശക്‌തികൾക്കെതിരേ സിപിഎം അക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ഡൽഹിയിൽ ഉൾപ്പടെ പ്രതിഷേധമുയർത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച സിപിഎം ആസ്‌ഥാനമായ എകെജി ഭവനിലേക്കു ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിലാണു കലാശിച്ചത്. അതിനു മുമ്പായി സിപിഎമ്മിനെതിരേ കടുത്ത താക്കീതു നൽകി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സിപിഎമ്മിനു പാർലമെന്റിലും നിരത്തിലും നേരിടുമെന്നും രാജ്യം ഭരിക്കുന്നതു ബിജെപിയാണെന്ന് ഓർമിക്കണമെന്നുമായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതു വി.എസ്. അച്യുതാനന്ദനെയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയനുമായി നേരിട്ട് ഏറ്റുമുട്ടൽ രീതി വെണ്ടെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇന്നു നടക്കുന്ന കൂടിക്കാഴ്ചകളിലും കേന്ദ്ര മന്ത്രിമാർ സമവായപാത സ്വീകരിക്കും. കേന്ദ്രസർക്കാരുമായി സമവായത്തിൽ പോകാനാണു സിപിഎമ്മിനും താത്പര്യമെന്നു വ്യക്‌തമാകുന്നു. പാർട്ടികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധത്തെയും പദ്ധതികളുടെ നടത്തിപ്പിനെയും ബാധിക്കില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളാകും ഇരുപക്ഷത്തുനിന്നു ഉണ്ടാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.