പശ്ചിമബംഗാളിൽ മമത വീണ്ടും അധികാരമേറ്റു
പശ്ചിമബംഗാളിൽ മമത വീണ്ടും അധികാരമേറ്റു
Friday, May 27, 2016 12:22 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ശാരദചിട്ടിഫണ്ട് തട്ടിപ്പും നാരദ ഒളികാമറ വിവാദവും ഫ്ളൈ ഓവർ ദുരന്തവുമൊന്നും മമതയുടെ പ്രതിച്ഛായയെ ബാധിച്ചില്ല. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ചെയർപേഴ്സൺ മമത ബാനർജിയുടെ നേതൃത്വത്തിൽ 42 അംഗ സർക്കാർ തുടർച്ചയായ രണ്ടാം വട്ടവും സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധവിമാനങ്ങൾ തയാറാക്കി നിർത്തിയിരുന്ന ചരിത്രപ്രസിദ്ധമായ റെഡ് റോഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ ഗവർണർ കേശ്രിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളസാരിയും പതിവു റബർ ചെരിപ്പുമണിഞ്ഞാണ് അറുപത്തൊന്നുകാരിയായ മമത എത്തിയത്. 42 അംഗമന്ത്രിസഭയിൽ 18 പേർ പുതുമുഖങ്ങളാണ്. ഇവരിൽ ഏഴുപേർ ന്യൂനപക്ഷ സമുദായംഗങ്ങളാണ്. മമത ബാനർജിയുൾപ്പെടെ നാലു പേരാണ് വനിതാമന്ത്രിമാർ.

മുൻ ക്രിക്കറ്റ് താരം ലക്ഷ്മി രത്തൻ ശുക്ല, മുതിർന്ന നേതാവ് ശൊവൻദേബ് ഛതോപാധ്യായ, കോൽക്കത്ത മേയർ ശൊവൻ ചാറ്റർജി, മുൻ സിപിഎം മന്ത്രി അബ്ദുർ റസാക്ക് മൊല്ല, തൃണമൂൽ യുവനേതാവ് സുവേന്ദു അധികാരി, രബീന്ദ്രനാഥ ഘോഷ്, ചുരാമണി മഹതൊ, ഐപിഎസ് ഉദ്യോഗസ്‌ഥൻ അബനി മോഹൻ ജോർദർ, ജയിംസ് കുജുർ, സിദ്ധിക്കുള്ള ചൗധരി, അസിമ പത്ര, ഗുലാം റബ്ബാനി, സക്കീർ ഹുസൈൻ, സന്ധ്യ റാണി തുഡു, ഗായിക ഇന്ദ്രാണി സെൻ, തപൻദാസ് ഗുപ്ത, ബി. ഹൻസ്ദ എന്നിവരാണു പുതുമുഖങ്ങൾ.

294 നിയമസഭാ സീറ്റിൽ 211 സീറ്റ് നേടിയാണു മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഇത്തവണ ഭരണത്തിലേറിയത്. ഇടതു–കോൺഗ്രസ് സംയുക്‌തമുന്നണി 77 സീറ്റ് നേടി. കോൺഗ്രസിന് 44 സീറ്റും ഇടതു മുന്നണിക്കു 32 സീറ്റുമാണു ലഭിച്ചത്.

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തൊബെ, കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി, നഗരവികസന മന്ത്രി ബാബുൽ സുപ്രിയോ, ബംഗ്ലാദേശ് വ്യവസായ മന്ത്രി അമീർ ഹുസൈൻ അമു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് എന്നീ പ്രമുഖരും സത്യപ്രതിജ്‌ഞ വീക്ഷിക്കാനെത്തിയിരുന്നു. ഇടത്, കോൺഗ്രസ്, ബിജെപി നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു. തങ്ങളുടെ പ്രവർത്തകരെ തൃണമൂൽ നേതാക്കൾ മർദിച്ചുവെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.


തെക്കൻ കോൽക്കത്തയിലെ ഭവാനിപുരിൽനിന്നാണു മമത നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ ദീപദാസ് മുൻഷിയെയും ബിജെപിയുടെ ചന്ദ്രകുമാർ ബോസിനെയുമാണ് മമത പരാജയപ്പെടുത്തിയത്. 2011ൽ 34 വർഷത്തെ ഇടതുഭരണത്തെ തൂത്തെറിഞ്ഞാണു മമതയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയത്. കോൺഗ്രസുമായി വഴിപിരിഞ്ഞ് 1997ലാണ് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്. പശ്ചിമബംഗാളിൽ ദീദി( മുതിർന്ന സഹോദരി) എന്ന വിളിപ്പേരിലാണു മമത അറിയപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ വനിതാ റെയിൽവേ മന്ത്രിയായ മമത രണ്ടുതവണ ആ കസേരയിലിരുന്നു. കൽക്കരി മന്ത്രി, മാനവവിഭവശേഷി സഹമന്ത്രി, യുവജന–വനിത–ശിശു ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഭരണകാലത്ത്, വ്യവസായവത്കരണത്തിന്റെ പേരിൽ കർഷകരിൽനിന്നു നിർബന്ധിതമായി ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതിനെതിരേ ശക്‌തമായ പ്രക്ഷോഭമാണു മമതയുടെ നേതൃത്വത്തിൽ പശ്ചിമബംഗാളിലുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.