മുല്ലപ്പെരിയാറിൽ ആശങ്ക വളർത്തരുത്: പിണറായി
Saturday, May 28, 2016 11:58 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കകൾ ഉയർത്തിക്കൊണ്ടുള്ള സമീപനങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലമത്രയും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിലായിരുന്നു കേരളത്തിന്റെ ആശങ്ക. എന്നാൽ, ഇതു സംബന്ധിച്ചു പഠനം നടത്തിയ സമിതികളെല്ലാം തന്നെ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന റിപ്പോർട്ടുകളിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഈ റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്. അതിൻമേൽ വീണ്ടുമൊരു പരിശോധന ആവശ്യമാണ്.

അതിനിടെ, മുല്ലപ്പെരിയാർ വിഷയത്തിൽ വിവാദമാക്കുന്നതുകൊണ്ടോ വികാരങ്ങൾ പ്രകടമാക്കുന്നതുകൊണ്ടോ കാര്യമില്ല. പ്രത്യേക ഗുണമൊന്നും അതുകൊണ്ട് ലഭിക്കില്ല. മുല്ലപ്പെരിയാറിനെ സംഘർഷ പ്രശ്നമായി ഉയർത്തുകയല്ല വേണ്ടത്. മറിച്ചു പരിഹാരം കാണുകയാണു വേണ്ടത്. പുതിയ അണക്കെട്ട് വേണമെങ്കിൽ നിലവിലുള്ള അണക്കെട്ട് എന്തു ചെയ്യുമെന്നും വാർത്താസമ്മേളനത്തിനിടെ പിണറായി വിജയൻ ചോദിച്ചു. അതേസമയം, അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയില്ല എന്നതു കൊണ്ടു ജലനിരപ്പിന്റെ പരിധി ഉയർത്തണമെന്നു പറയുന്നതിനോട് യോജിക്കാനും കഴിയില്ല. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും. പരിഹാരം ഉണ്ടാകുമെന്നാ ണ് പ്രതീക്ഷയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ യുഡിഎഫ് സർക്കാർ സ്വീകരിച്ചുവന്ന നിലപാട് ദുർബലപ്പെടുത്തിയും പുതിയ അണക്കെട്ടെന്ന ആവശ്യത്തെ തള്ളിപ്പറഞ്ഞു കൊണ്ടുമാണ് പിണറായി വിജയൻ ഇന്നലെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.